pic

പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് ഈ മാസം 30നും ജൂലായി 7നുമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും മാക്രോൺ പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തെ തീവ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയതിനു പിന്നാലെയാണ് മാക്രോണിന്റെ അപ്രതീക്ഷിത നീക്കം.

പ്രാഥമിക ഫലപ്രകാരം, മാക്രോണിന്റെ എതിരാളി മരീൻ ലെ പെന്നിന്റെ നാഷണൽ റാലി 32 ശതമാനം വോട്ടാണ് യൂറോപ്യൻ പാലർമെന്റ് തിരഞ്ഞെടുപ്പിൽ നേടിയത്. മാക്രോണിന്റെ റെനെയ്സൻസ് പാർട്ടിയുടെ നേതൃത്വത്തിലെ സഖ്യത്തിന് 15 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ പാർലമെന്റ് പിരിച്ചുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.

അതേ സമയം, പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം 2017 മുതൽ പ്രസിഡന്റായി തുടരുന്ന മാക്രോണിനെ ബാധിക്കില്ല. നിലവിൽ മാക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷവുമില്ല. 2022ലായിരുന്നു ഏറ്റവും ഒടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.

അതിനിടെ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ, സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോ എന്നിവരുടെ പാർട്ടികളും യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ബ്രദേഴ്സ് ഒഫ് ഇറ്റലി 29 ശതമാനം നേടി മുന്നിലെത്തി.

----------------------

യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ്

----------------------

 യൂറോപ്യൻ യൂണിയന്റെ (ഇ.യു) നിയമ നിർമ്മാണ സഭയാണ് യൂറോപ്യൻ പാർലമെന്റ്

 720 അംഗങ്ങൾ

 ഇ.യുവിന്റെ വിവിധ പദ്ധതികൾ, ബഡ്ജറ്റ് തുടങ്ങിയവയിൽ തീരുമാനമെടുക്കുന്നു

 ഇ.യു കമ്മിഷൻ പ്രസിഡന്റിനെയടക്കം തിരഞ്ഞെടുക്കണം

 27 ഇ.യു രാജ്യങ്ങളിലെയും ജനങ്ങൾ യൂറോപ്യൻ പാർലമെന്റിൽ തങ്ങളെ പ്രതിനിധീകരിക്കാനുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും

 ഇ.യു രാജ്യങ്ങളിലെ വിവിധ പാർട്ടികളിലെ അംഗങ്ങൾ യൂറോപ്യൻ പാർലമെന്റിൽ എത്തുമ്പോൾ പ്രത്യയ ശാസ്ത്രം, ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളായി തിരിയുന്നു

 തിരഞ്ഞെടുപ്പ് അഞ്ച് വർഷം കൂടുമ്പോൾ

 ഇത്തവണത്തേത് വ്യാഴാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിച്ചു