
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി നേടിയ വിജയം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് നവാസ് ഷെരീഫ്. മൂന്നാം തവണയും അധികാരത്തിലെത്തിയ മോദിക്ക് എക്സിലൂടെ ആശംസകൾ നേരുകയായിരുന്നു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ്) തലവനുമായ അദ്ദേഹം.
' മോദി ജിക്ക് തന്റെ ഊഷ്മളമായ ആശംസകൾ. നമുക്ക് വെറുപ്പിന്റെ സ്ഥാനത്ത് പ്രത്യാശയെ മാറ്റി സ്ഥാപിക്കാം. ദക്ഷിണേഷ്യയിലെ 200 കോടി ജനങ്ങളുടെ ഭാവി രൂപപ്പെടുത്താനുള്ള അവസരം പ്രയോജനപ്പെടുത്താം ' നവാസ് എക്സിൽ കുറിച്ചു.
അതേ സമയം, മോദിക്ക് അഭിനന്ദനങ്ങൾ നേരുന്നതായി പാക് പ്രധാനമന്ത്രിയും നവാസിന്റെ സഹോദരനുമായ ഷെഹ്‌ബാസ് ഷെരീഫും എക്സിൽ കുറിച്ചു. മോദിയെ അഭിനന്ദിക്കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ' തങ്ങൾക്ക് അവരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് അഭിപ്രായങ്ങളൊന്നുമില്ല' എന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലൂച് ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷെഹ്ബാസിന്റെ പ്രതികരണം.