cabinet

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. തൃശൂര്‍ എംപി സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം നല്‍കി. ടൂറിസം - പെട്രോളിയം എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്. അതേസമയം സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്താതെ തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പ്രധാന നേതാക്കള്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര വകുപ്പില്‍ അമിത് ഷാ, പ്രതിരോധ വകുപ്പില്‍ രാജ്‌നാഥ് സിംഗ്, ധനകാര്യത്തില്‍ നിര്‍മല സീതാരാമന്‍, വിദേശകാര്യ വകുപ്പിന്റെ തലപ്പത്ത് എസ് ജയശങ്കര്‍ എന്നിവര്‍ തുടരും. ഘടകകക്ഷികള്‍ ഏറെ അവകാശവാദമുന്നയിച്ച റെയില്‍വേ വകുപ്പില്‍ അശ്വിനി വൈഷ്ണവ് തുടരും. ഇതിന് പുറമേ അദ്ദേഹത്തിന് വാര്‍ത്താ വിതരണ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് ആരോഗ്യ വകുപ്പാണ് നല്‍കിയിരിക്കുന്നത്.

മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൃഷി വകുപ്പാണ് നല്‍കിയിട്ടുള്ളത്. ഉപരിതല ഗതാഗത വകുപ്പിന്റെ തലപ്പത്ത് തുടര്‍ച്ചയായി മൂന്നാം ടേമിലും നിധിന്‍ ഗഡ്കരി തന്നെയാണ്. ഈ വകുപ്പില്‍ രണ്ട് സഹമന്ത്രിമാരേയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ചേര്‍ന്നത്. കിരണ്‍ റിജിജിുവിനെ പാര്‍ലമെന്ററി കാര്യ വകുപ്പിലേക്ക് മാറ്റിയപ്പോള്‍ വ്യോമയാന മന്ത്രിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ടെലികോം വകുപ്പിലേക്ക് മാറിയിട്ടുണ്ട്.

ഹര്‍ദീപ് സിംഗ് പുരിക്ക് പെട്രോളിയം വകുപ്പിന്റെ ചുമതല തുടരും ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ വകുപ്പിലും ഭൂപേന്ദ്ര യാദവ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും ചുമതലയില്‍ തുടരും. ഘടകകക്ഷികളില്‍ ഉരുക്ക്, ഖനന വകുപ്പുകള്‍ എച്ച് ഡി കുമാരസ്വാമിക്ക് നല്‍കിയപ്പോള്‍ കായിക വകുപ്പിന്റെ ചുമതല ചിരാഗ് പാസ്‌വാന്റെ കൈകളിലേക്ക് എത്തി. സിവില്‍ ഏവിയേഷന്‍ (വ്യോമയാനം) വകുപ്പ് റാം മോഹന്‍ നായിഡുവിലൂടെ ടിഡിപിക്ക് ലഭിച്ചു. ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് ഊര്‍ജ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.