sadhya

സദ്യയില്‍ മലയാളിക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്ത ചില വിഭവങ്ങളുണ്ട്. അതില്‍ ഒരു വിഭവത്തിന് വേണ്ടി ഉപയോഗിക്കുന്ന കൃഷിയിനം നേരിടുന്നതാകട്ടെ സമാനതകളില്ലാത്ത പ്രതിസന്ധിയും. ഇങ്ങനെ പോയാല്‍ ഓണത്തിന് മലയാളികളുടെ സദ്യവട്ടത്തില്‍ നിന്ന് ഈ ഇനം അപ്രത്യക്ഷമാകുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലെ സദ്യക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്തതാണ് ഏത്തക്കാ വറുത്തത് അഥവാ ചിപ്‌സ്. പക്ഷേ നേന്ത്ര വാഴ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

കടുത്ത വേനലും പിന്നാലെ വന്ന കനത്ത മഴയും ചില്ലറ പ്രതിസന്ധിയല്ല കര്‍ഷകര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. നേന്ത്രവാഴയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 40 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മാസങ്ങളായി വില കുറഞ്ഞ അവസ്ഥയിലാണ്. വില കുത്തനെ കുറഞ്ഞതോടെ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ നേരിയതോതില്‍ വില വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശ്വസിക്കാനുള്ള വകയായിട്ടില്ല.

കിലോയ്ക്ക് വില 44 വരെ ഈ വര്‍ഷം എത്തിയിരുന്നു. ഓണക്കാലമാകുമ്പോഴും ഈ വില കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. സാധാരണ കേരളത്തില്‍ ഓണക്കാലത്താണ് കൂടുതലായും വാഴകൃഷി വിളവെടുപ്പ് നടത്തുന്നത്. വാഴപ്പഴത്തിനൊപ്പം വാഴയിലയ്ക്കും ഈ സീസണില്‍ വലിയ ഡിമാന്‍ഡ് ആണ്.

ഈ വര്‍ഷം ഉത്പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മഴ കുറവായതും നേന്ത്രവാഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. വയനാട്ടില്‍ തന്നെ ഏക്കറ് കണക്കിന് സ്ഥലത്തെ വാഴകൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിനു പുറമേ വേനല്‍ മഴയോടൊപ്പം എത്തിയ കാറ്റിലും വന്‍തോതില്‍ കൃഷി നശിച്ചു. കര്‍ണാടകയിലും ഉത്പാദനക്കുറവുണ്ട്. ഉത്പ്പാദനചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കര്‍ഷകര്‍.