explainer

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും കഴിഞ്ഞു. വകുപ്പ് വിഭജനവും പൂര്‍ത്തിയായി. ടീം നരേന്ദ്ര മോദി ഇനി കര്‍മ്മപഥത്തിലാണ്. കേരളത്തില്‍ നിന്ന് രണ്ട് പേരാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തൃശൂരില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ താമര വിരിയിച്ച സുരേഷ് ഗോപിക്കും, ജോര്‍ജ് കുര്യനും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി. ഇരുവരും സഹമന്ത്രിമാരാണ്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഇരുവര്‍ക്കും വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്.

സുരേഷ് ഗോപി ( പെട്രോളിയം, ടൂറിസം സഹമന്ത്രി)

ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ തൃശൂരിന്റെ ജനപ്രതിനിധിയായി ജയിച്ച് കയറിയ സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ സാദ്ധ്യതയുള്ള മേഖലയാണ് ടൂറിസം. ഈ വകുപ്പിന്റെ സഹമന്ത്രിപദം കേരളത്തില്‍ കൂടുതല്‍ വേരുറപ്പിക്കാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിലെ ടൂറിസത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇനിയും ശ്രദ്ധ കിട്ടാത്ത ഒരുപാട് മേഖലകള്‍ കേരളത്തിലെ ടൂറിസം മേഖലയില്‍ ഉണ്ട്. വൈവിദ്ധ്യമാണ് കേരളത്തിലെ ടൂറിസത്തിന്റെ സാദ്ധ്യതയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നമ്മുടെ പരമ്പരാഗത ആയുര്‍വേദം, തീരദേശ മേഖല, മലയോര മേഖല, ആത്മീയ ടൂറിസം എന്നീ മേഖലകളില്‍ വലിയ സാദ്ധ്യതകളുണ്ട്. സാഹസിക ടൂറിസം മേഖലയിലും വലിയ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കി കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിനും ബിജെപിക്കും ഒരുപോലെ നേട്ടമുണ്ടാക്കും.

ടൂറിസത്തിലെ പശ്ചാത്തല വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് രാഷ്ട്രീയമായി ബിജെപിക്ക് വലിയ മുതല്‍ക്കൂട്ടാകും. യുവാക്കള്‍ക്ക് ഉള്‍പ്പെടെ തൊഴിലവസരം വര്‍ദ്ധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ ഒപ്പം നിര്‍ത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാകില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാക്കി കേരളത്തെ മാറ്റാന്‍ കഴിയുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റത്തിന് സാദ്ധ്യതയുണ്ട് ടൂറിസം രംഗത്ത്.

ജോര്‍ജ് കുര്യന്‍ ( ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം)

സുരേഷ് ഗോപിക്ക് നല്‍കിയ വകുപ്പുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ജോര്‍ജ് കുര്യന് നല്‍കിയിരിക്കുന്ന വകുപ്പുകളെന്ന് പറയാം. കേരളത്തില്‍ ബിജെപിക്ക് ഇനിയും പൂര്‍ണമായി പിടികൊടുക്കാത്തത് ന്യൂനപക്ഷമാണ്. ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെങ്കിലും അത്രകണ്ട് മുസ്ലീം വിഭാഗങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. സിഎഎ, എക സിവില്‍ കോഡ് പോലുള്ള ബിജെപി അജണ്ഡകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ അതത്ര എളുപ്പവുമല്ല.

എന്നാല്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന് ഉള്‍പ്പെടെ കാരണമായത് തീരദേശ മേഖലയിലെ വോട്ടുകളാണ്. ഫിഷറീസ് വകുപ്പിന്റെ സഹമന്ത്രി പദവി ജോര്‍ജ് കുര്യന് നല്‍കുമ്പോള്‍ അത് തീരദേശ സമൂഹത്തെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ കാലങ്ങളായി തീരദേശ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജോര്‍ജ് കുര്യന് കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പ്രത്യേകിച്ച് സാഗര്‍മാല പോലുള്ള പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന പ്രാധാന്യം, അതിന്റെ ഗുണങ്ങള്‍ പക്ഷേ കേരളത്തിന് കിട്ടിയിട്ടില്ലെന്ന ആരോപണം ശക്തമാണ്.

ന്യൂനപക്ഷവും, ഫിഷറീസും ജോര്‍ജ് കുര്യന്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും അതിലൂടെ തീരദേശ സമൂഹത്തേയും ഒപ്പം ന്യൂനപക്ഷങ്ങളേയും അല്‍പ്പമെങ്കിലും ബിജെപിയുമായി അടുപ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ അത് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതാണ്. കുറഞ്ഞ പക്ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ട് ബാങ്കിലേക്ക് കടന്ന് കയറി വിള്ളലുണ്ടാക്കാനും ബിജെപിക്ക് നേട്ടമുണ്ടാക്കാനും ജോര്‍ജ് കുര്യന് നല്‍കിയ പദവികളിലൂടെ സാദ്ധ്യമാകുമെന്ന പ്രതീക്ഷ കേന്ദ്ര നേതൃത്വത്തിനുണ്ട്.