upi

മുംബയ്: ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളാണ് ഇന്ന് സാധാരണക്കാരന്‍ പോലും നടത്തുന്നത്. വന്‍കിട കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ തെരുവ് കച്ചവടക്കാരും ചെറുകിട വ്യാപാരികളും വരെ ഓണ്‍ലൈന്‍ പേമെന്റുകള്‍ സ്വീകരിച്ച് സാധനങ്ങള്‍ വില്‍പ്പന നടത്തുന്നു. ഓണ്‍ലൈന്‍ പേമെന്റുകളില്‍ യുപിഐ പേമെന്റുകളിലും പലപ്പോഴും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് കൃത്യമായ ട്രാന്‍സാക്ഷന്‍ നടക്കാതിരിക്കുകയെന്നത്.

ചിലപ്പോഴെല്ലാം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും എന്നാല്‍ പണം സ്വീകരിക്കേണ്ട ആളിന്റെ അക്കൗണ്ടില്‍ പണം എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ നമ്മള്‍ക്കെല്ലാം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം. പലര്‍ക്കും നഷ്ടമായ തുക തിരിച്ച് കിട്ടാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പണമിടപാട് സംബന്ധിച്ച തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നതിലെ കാരണം വ്യക്തമാക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ഇടപാടുകളില്‍ അടിക്കടിയുണ്ടാവുന്ന തടസങ്ങള്‍ ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ കാരണമായാണെന്ന് അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങളല്ല ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മേയ് മാസത്തില്‍ 31 തവണ ഡൗണ്‍ ടൈം പ്രതിസന്ധിയുണ്ടാക്കി. ഏതാണ്ട് 47 മണിക്കൂറിലധികം പേയ്‌മെന്റ് ഗേറ്റ് വേകള്‍ ഓഫ്‌ലൈനായിരുന്നുവെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് യുപിഐ ഇടപാടുകളില്‍ വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ സംവിധാനങ്ങളില്‍ തകരാറുകളുണ്ടായിട്ടില്ലെന്നും അവിടെ പ്രശ്‌നങ്ങളില്‍ നേരിടാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് ബാങ്കുകളുടെ ഭാഗത്തു നിന്നാണ്. ബാങ്കുകളുടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം വരെ ഇതിന് കാരണമാവുന്നു. ഇക്കാര്യം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.