sadfishing

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത എത്രപേരുണ്ട് ഈ ലോകത്ത്? വളരെ ചുരുക്കമെന്നായിരിക്കും ഉത്തരം. പ്രായഭേദമന്യേ കുട്ടികളും യുവാക്കളും മദ്ധ്യവയസ്‌കരും വയോധികരുമൊക്കെ 'വിളയാടുന്ന' ഇടമായി സമൂഹമാദ്ധ്യമങ്ങൾ മാറിയിട്ട് കാലം കുറച്ചായി.

ജോലിത്തിരക്കാണെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള ആളുകളോട് സംസാരിക്കാൻ സമയമില്ലാത്തവർ വിദൂര സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളുമായി സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കുവയ്‌ക്കുന്നു. പുതിയ മെസേജോ പോസ്റ്റോ വന്നിട്ടുണ്ടോ എന്ന് നോക്കാൻ അഞ്ചോ പത്തോ മിനിട്ട് കൂടുമ്പോൾ സോഷ്യൽ മീഡിയ നോക്കുന്നവരും ഏറെയാണ്.

പുതിയ ട്രെൻ‌ഡുകൾ പോലും സോഷ്യൽ മീഡിയയാണ് ഇപ്പോൾ തീരുമാനിക്കുന്നത്. ഏതെങ്കിലും സെലിബ്രിറ്റിയോ മറ്റോ പുതിയ ഡിസൈനിലുള്ള സാരി ധരിച്ചാൽ അത് പോലും ട്രെൻഡാക്കി മാറ്റുകയാണ്. നമ്മൾ എന്ത് ചിന്തിക്കണം എന്നുപോലും സമൂഹമാദ്ധ്യമങ്ങളാണ് തീരുമാനിക്കുന്നത്. 'സാഡ് ഫിഷിംഗ്' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്.

എന്താണ് സാഡ്‌‌ഫിഷിംഗ് (Sadfishing)

'നെറ്റിസൺസിൽ' നിന്ന് സഹതാപകരമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും ആകർഷിക്കുന്നതിനായി വൈകാരികമോ വിഷമിപ്പിക്കുന്നതോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുന്നാണ് സാഡ് ഫിഷിംഗ് എന്ന് ചുരുക്കി പറയാം. ഇത് ചിലപ്പോൾ ആരെയെങ്കിലും ലക്ഷ്യം വച്ച് ചെയ്യുന്നതായിരിക്കാം.

ഉദാഹരണത്തിന് കാമുകൻ ഉപേക്ഷിച്ചു. ഇതിൽ താൻ ദുഃഖിതയാണെന്ന് കാണിക്കാൻ കാമുകി ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റുകളും സ്‌റ്റോറികളുമൊക്കെയിടുന്നു. ഇതുകാണുമ്പോൾ കാമുകന് സങ്കടം തോന്നി തിരിച്ചുവന്നേക്കാമെന്ന തോന്നലിലാകാം ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. അല്ലെങ്കിൽ ആളുകളിൽ നിന്ന് പണമോ സഹായമോ കിട്ടാൻ വേണ്ടി ഇടുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

social-medi

ഈ വാക്കിന് പിന്നിൽ

2019ൽ മാദ്ധ്യമ പ്രവർത്തക റബേക്ക റീഡ് ആണ് 'സാഡ്‌ഫിഷിംഗ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അമേരിക്കൻ മോഡലും ടെലിവിഷൻ താരവുമായ കെൻഡൽ ജെന്നറിന്റെ മുഖക്കുരു പോരാട്ടത്തെക്കുറിച്ചുള്ള 'വൈകാരിക കഥ' മാർക്കറ്റിംഗ് കാമ്പെയ്നിന്റെ ഭാഗമായി മാറിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് മാദ്ധ്യമ പ്രവർത്തക ഈ വാക്ക് ഉപയോഗിച്ചത്.

tren

മുഖക്കുരുവിന് എതിരായുള്ള പോരാട്ടത്തെപ്പറ്റി ആരാധകരെ സ്വാധീനിക്കുന്ന വളരെ വൈകാരികമായ ഒരു പോസ്റ്റാണ് മോഡൽ പങ്കുവച്ചത്. തനിക്കുകൂടി പങ്കാളിത്തമുള്ള ഒരു ബ്യൂട്ടി ബ്രാൻഡിന്റെ പ്രമോഷനായിരുന്നു ഇവരുടെ ലക്ഷ്യം. ആ പോസ്റ്റിലൂടെ അവർ ആരാധകരെ സ്വാധീനിക്കുകയും ബ്യൂട്ടി ബ്രാൻഡ് പ്രമോട്ട് ചെയ്യുകയും ചെയ്തു. ഇതിനെ വിമർശിക്കാൻ വേണ്ടിയാണ് 'സാഡ്‌ഫിഷിംഗ്' എന്ന വാക്ക് റബേക്ക റീഡ് ഉപയോഗിച്ചത്.

Um, I made up the term sadfishing and now I feel really guilty. It was certainly never intended to be used to stop being sharing their feelings online, only to comment on celebrities deliberately withholding information for their own gain. https://t.co/B2KjeGKzJY

— Rebecca Reid (@RebeccaCNReid) October 1, 2019


ഗായകരായ ആഡെലും ട്രാവിസ് സ്‌കോട്ടും സമാനമായ രീതിയിലുള്ള പോസ്റ്റുകൾ പങ്കുവച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പലരും അവരുടെ വൈകാരിക വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ടെന്നും മാദ്ധ്യമ പ്രവർത്തക വ്യക്തമാക്കി.


ഫോളോവേഴ്സിൽ നിന്ന് ലൈക്കുകളോ കമന്റുകളോ പിന്തുണയോ നേടുക എന്ന ലക്ഷ്യത്തോടെ 'സാഡ്ഫിഷ്' ആയ ആളുകൾ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണ്. ആളുകളുടെ ഇമോഷണൽ വച്ചാണ് കളിക്കുന്നത്. കബളിപ്പിക്കപ്പെടുകയാണെന്ന് അറിയാതെ, അവർ ഇത്തരം കെണികളിൽ ചാടുകയാണ്.

ഗവേഷകർ പറയുന്നത്

സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ സഹതാപം ജനിപ്പിക്കുന്നതിനായി തങ്ങളുടെ വൈകാരികാവസ്ഥകളെ അതിശയോക്തിപരമായി പ്രസിദ്ധീകരിക്കുന്ന പ്രവണതയാണ് 'സാഡ്ഫിഷിംഗ്' എന്നാണ് അമേരിക്കൻ കോളേജ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഗവേഷകയായ കാരാ പെട്രോഫെസ് പറയുന്നത്.

phone

ചുറ്റുപാടുകളിൽ നിന്ന് വേണ്ട പരിഗണനയോ, പിന്തുണയോ കിട്ടാത്തവർ, ഓൺലൈനിലൂടെ ആശ്വാസവാക്കുകളും പിന്തുണയുമൊക്കെ ലഭിക്കാനാരിക്കാം ഇത്തരം വിഷാദ പോസ്റ്റുകൾ ഇടുന്നതെന്നാണ് മറ്റൊരു ഗവേഷഖൻ പറയുന്നത്.


'സാഡ്‌ഫിഷിംഗി'ന്റെ പ്രശ്നങ്ങൾ

സാമ്പത്തികമായോ അല്ലെങ്കിൽ എന്തെങ്കിലും പ്രമോഷന് വേണ്ടിയോ ആയിരിക്കില്ല ചിലപ്പോൾ പലരും വിഷാദ പോസ്റ്റുകൾ ഇടുന്നത്. ചിലർക്ക് വേണ്ടത് മാനസിക പിന്തുണയായിരിക്കാം. ചുറ്റുപാടിൽ നിന്ന് ലഭിക്കാത്ത പിന്തുണ സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിക്കണമെന്നത് മാത്രമായിരിക്കാം അവരുടെ ലക്ഷ്യം. 'സാഡ്ഫിഷിംഗ്' ആണെന്ന് ആരോപിക്കുമെന്ന് ഭയന്ന് അവർ ഇത്തരം പോസ്റ്റുകളിടുന്നത് നിർത്തും. ദുർബ്ബലരായവരുടെ മാനസികാരോഗ്യത്തെ ഭീഷണിപ്പെടുത്തുന്നതാണ് 'സാഡ്ഫിഷിംഗ്' എന്ന വാക്കെന്ന് ഗവേഷകർ പറയുന്നു.