
മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ടൂറിസം, പെട്രോളിയം- പ്രകൃതി വാതക വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സുപ്രധാന ചുമതലയാണ് പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ചതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ പ്രവർത്തിക്കുമെന്നുമാണ് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കൗമുദി മൂവീസിന് മുൻപ് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
സുരേഷ് ഗോപി ചെയ്യുന്ന പല നന്മകളും പുറത്തറിയുന്നില്ല എന്നുതോന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'ആരെയെങ്കിലും അറിയിച്ചാൽതന്നെ എന്തുമാത്രം അസുഖമാണെന്ന് അറിയാമോ? ഞാൻ കോടിക്കണക്കിന് സമ്പാദിക്കുന്നയാളല്ല. കിട്ടിയതിൽ നിന്നെല്ലാം ഞാൻ കൊടുത്തിട്ടുണ്ട്. അതുപറഞ്ഞാൽ തള്ളാണെന്ന് പറയും.
ഇല്ലായ്‌മയിൽ നിന്ന് കൊടുത്തതിന് ജാതിയുടെപേരിലും രാഷ്ട്രീയത്തിന്റെ പേരിലുമൊക്ക അസുഖം പ്രകടിപ്പിക്കുന്നവരുണ്ട്. അതുകൊണ്ട് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഒന്നുമില്ല. ആരെന്ത് ചെയ്തു എന്നാലും, എന്തുവച്ച് ചെയ്തു എന്നതിൽ സത്യസന്ധത ഉണ്ടായിരിക്കണം. നിങ്ങൾ ഒരു തള്ളും മറിച്ചിലും നടത്തിയിട്ട് കാര്യമില്ല. ദൈവത്തിന് കൃത്യമായി അറിയാം ഏത് പണംവച്ച് ചെയ്തു, എന്ത് മനോഭാവം വച്ച് ചെയ്തു എന്നത്.
എന്റെ ഭാര്യ എന്നെ കൺട്രോൾ ചെയ്തിട്ടില്ല. ചെക്ക് ബുക്കുകൾ ഭാര്യയുടെ പക്കലാണ്. ആളുകൾക്ക് വേണ്ടി പണം ചെലവഴിക്കുമ്പോൾ രാധിക ഇത് കൺട്രോൾ ചെയ്യുന്നില്ലേ എന്ന് കമന്റ് ബോക്‌സിൽ ഒക്കെ വരുന്നുണ്ട്. ചില നെഗറ്റീവ് കമന്റുകൾ വരുന്നതുകണ്ട് ആരൊക്കെയോ രാധികയോട് ചോദിച്ചു, എന്തിനാണ് നന്ദിയില്ലാത്തവർക്കുവേണ്ടി ചെയ്യുന്നതെന്ന്. രാധിക പറഞ്ഞു, അത് ഏട്ടന്റെ സന്തോഷമാണെന്ന്.
എന്നാലും ഒരിക്കൽ രാധിക എന്നോട്ട് പറഞ്ഞു, ഏട്ടാ നമുക്കിതെല്ലാം നിർത്തിയേക്കാം, അവർ ഇതെല്ലാം വേറൊരു നിറംവച്ചാണ് കാണുന്നതെന്ന്. ഇതുകേട്ട് എന്റെ ഹൃദയത്തിൽ ഒരു വ്യതിചലനം ഉണ്ടായി. എന്നാൽ ഞാൻ ആരെയാണ് നിഷേധിക്കുന്നത്, അവരെന്ത് പിഴച്ചു എന്ന് ഞാനോർത്തു. ഈ വൃത്തികെട്ടവന്മാർക്ക് വേണ്ടി അവരെ ദ്രോഹിക്കണോയെന്ന് തോന്നി. എന്റെ രാഷ്ട്രീയം എന്തിനാണ് ഉപയോഗിച്ചതെന്ന് നിങ്ങൾ റെക്കാഡ് പരിശോധിക്കൂ, റിപ്പോർട്ട് കാർഡ് എടുക്കൂ. ഞാൻ ആറുവർഷം എംപിയായിരുന്നപ്പോൾ കേരളത്തിൽ ഉണ്ടായിരുന്ന എല്ലാ എംപിമാരുടെയും റിപ്പോർട്ട് പരിശോധിക്കൂ. എന്നെക്കാൾ എക്‌സൽ ചെയ്‌തവർ ഉണ്ടായിരിക്കാം, എന്നാൽ അവിടെ ഒരു താരതമ്യം ഉണ്ടായിരിക്കുമല്ലോ? അതുചെയ്തിട്ടുവന്ന് എന്നെ പരാജയപ്പെടുത്തൂ'- എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞത്.