market

ന്യൂഡൽഹി: ഈദ്-അൽ-അദ്ഹയ്ക്ക് (ബക്രീദ്) മുന്നോടിയായി ഉള്ളി വിലയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായി. ആവശ്യക്കാരേറിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിലുണ്ടായ വില വർദ്ധനയുടെ റിപ്പോർട്ട് ദി ഇക്കണോമിക് ടൈംസാണ് പുറത്തുവിട്ടത്. വിലനിയന്ത്രണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ ലഘൂകരിക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ സ്റ്റോക്ക് നിലനിർത്തുകയാണ്.

നാസിക്കിലെ ലാസൽഗാവ് മണ്ടിയിൽ, ഉള്ളിയുടെ ശരാശരി മൊത്തവില തിങ്കളാഴ്ച കിലോയ്ക്ക് 26 രൂപയായിരുന്നു. മേയ് 25ന് കിലോയ്‌ക്ക് 17 രൂപയായിരുന്നു. അതേസമയം, മഹാരാഷ്‌ട്രയിലുള്ള പല മൊത്തക്കച്ചവടക്കാർക്കിടയിലും ഉള്ളിയുടെ വില കിലോയ്‌ക്ക് 30 രൂപ കവിഞ്ഞു. വിതരണവും ഡിമാൻഡും തമ്മിലുള്ള നിലവിലെ അസന്തുലിതാവസ്ഥയാണ് വിലവർദ്ധനവിന് കാരണമെന്നാണ് റിപ്പോർട്ട്. കർഷകരും വ്യാപാരികളും ശേഖരിച്ചിരുന്ന സ്റ്റോക്കിൽ നിന്നാണ് ജൂൺ മുതൽ വിപണിയിൽ ഉള്ളി എത്തിച്ചത്.

അതേസമയം, കേരളത്തിലും ഒരിടവേളയ്‌ക്ക് ശേഷം സവാള വില വീണ്ടും ഉയർന്നിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ട് വില 40 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച 20 മുതൽ 30 വരെയായിരുന്നു കിലോയ്‌ക്കെങ്കിൽ ഈ ആഴ്ച അത് 40ൽ എത്തി. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും ഉള്ളി സംസ്ഥാനത്തേക്ക് എത്തുന്നത്. മഴ കാരണം കൃഷി നശിച്ചതാണ് മൊത്തവിപണിയിൽ സവാളയുടെ വരവ് കുറയാൻ കാരണമായത്.