sumit

ന്യൂഡൽഹി : സമീപകാലത്തെ മികച്ച പ്രകടനത്തിലൂടെ കരിയർ ബെസ്റ്റ് എ.ടി.പി റാങ്കിംഗിലേക്ക് ഉയർന്ന ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ

പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പിച്ചു. ജർമനിയിൽ നടന്ന നേക്കർകപ്പ് ചലഞ്ചറിൽ ജേതാവായതോടെ സുമിത് പുരുഷ സിംഗിൾസിൽ 18 സ്ഥാനം മെച്ചപ്പെടുത്തി 77-ാം റാങ്കിലേക്ക് എത്തിയിരുന്നു. ഫൈനലിൽ സ്വിറ്റ്സർലൻഡ് താരം അലക്സാണ്ടർ റിച്ചാർഡിനെ 6-1, 6-7, 6-3നാണ് 26കാരനായ സുമിത് തോൽപ്പിച്ചത്.

ജൂൺ 10-ലെ എ,ടി.പി റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് ഒളിമ്പിക്സ് യോഗ്യത കണക്കാക്കുന്നത്. ആദ്യ 56 റാങ്കിലുള്ളവർക്കാണ് ഒളിമ്പിക്സ് സിംഗിൾസിൽ നേരിട്ട് യോഗ്യത ലഭിക്കുക. എന്നാൽ, വ്യക്തിഗത വിഭാഗത്തിൽ ഒരു രാജ്യത്തിന് നാലുപേരെമാത്രമേ പങ്കെടുപ്പിക്കാനാകൂ. ഇതിലേറെ കളിക്കാർ റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള പല രാജ്യങ്ങളുണ്ട്. അതിനാൽ മറ്റ് രാജ്യങ്ങളിലെ റാങ്കിംഗിൽ പിന്നിലുള്ളവർക്കും അവസരം ലഭിക്കും. ഇതനുസരിച്ചാണ് സുമിത്തിന് യോഗ്യത ഉറപ്പായത്.

പുരുഷ സിംഗിൾസ് ടെന്നിസിൽ 2012 ലണ്ടൻ ഒളിമ്പിക്സിൽ മത്സരിച്ച സോംദേവ് ദേവ്‌വർമന് ശേഷം ഒളിമ്പിക്സിനെത്തുന്ന ആദ്യ ഇന്ത്യൻ താരമാകും സുമിത് നാഗൽ.

ഡബിൾസിൽ ബൊപ്പണ്ണ

പുരുഷ ഡബിൾസിൽ എ.ടി.പി റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള രോഹൻ ബൊപ്പണ്ണയ്ക്ക് ഒളിമ്പിക് യോഗ്യത ലഭിക്കും. ഡബിൾസുകളിലും മിക്സഡ് ഡബിൾസിലും ലോക റാങ്കിംഗിൽ ആദ്യ 10 സ്ഥാനത്തുള്ളവർക്കാണ് ഇന്റർ നാഷണൽ ടെന്നിസ് ഫെഡറേഷൻ ഒളിമ്പിക്സ് യോഗ്യത നൽകുക. രോഹൻ ബൊപ്പണ്ണ നാലാം റാങ്കിലാണിപ്പോൾ.

ഒളിമ്പിക്സിൽ രോഹന്റെ പങ്കാളിയെ ആൾ ഇന്ത്യ ടെന്നിസ് ഫെഡറേഷനാണ് നിശ്ചയിക്കുക. ശ്രീരാം ബാലാജിയോ രാംകുമാർ രാമനാഥനോ ആകും ബൊപ്പണ്ണയുടെ പങ്കാളിയാവുകയെന്നാണ് സൂചന. ആരുവേണമെന്നതിൽ ബൊപ്പണ്ണയുടെ അഭിപ്രായവുംനിർണായകമാകും. ജൂൺ 19ന് മുമ്പ് ആൾ ഇന്ത്യ ടെന്നിസ് ഫെഡറേഷന്റെ സെലക്ഷൻ കമ്മറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.