
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ടീസിന് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് പത്തോളം പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ്, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ജൂൺ നാലിന് ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതാണ് വിവാദമായത്. ഇതിൽ മുഴുവൻ മാർക്ക് ലഭിച്ചവരിൽ ആറു പേർ ഹരിയാനയിൽ നിന്നുള്ളവരും ഒരേ ക്രമത്തിൽ സീറ്റ് നമ്പർ ആരംഭിക്കുന്നവരുമാണ്. പരീക്ഷ റദ്ദാക്കണമെന്നും പുതിയ നീറ്റ് പരീക്ഷ നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഗ്രേസ് മാർക്ക് നൽകുന്നതിൽ വ്യത്യാസമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു.
ചോദ്യ പേപ്പർ ചോർച്ച പൊലീസ് അന്വേഷിക്കുന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ഈ മാസം ഒന്നിനാണ് വിദ്യാർത്ഥികൾ ഹർജി നൽകിയത്. വിഷയത്തിൽ കൂടുതൽ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎയുടെ വിശദീകരിച്ചത്. എന്നാൽ എൻടിഎ പുറത്തിറക്കിയ പ്രൊവിഷണൽ ഉത്തരസൂചികയിലെ ഉത്തരത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നതായും ഹർജിക്കാർ കോടതിയെ അറിയിച്ചു.