കോഴിക്കോട്: വിവാദമായ മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. മൊഴി രേഖപ്പെടുത്തുന്നതിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചുവെന്ന പുനരന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് അതിജീവിത നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാറിന് പരാതി നൽകിയത്. ഡോ. പ്രീതി തന്നെ പരിശോധിക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവെന്ന് തെറ്റായ മൊഴി നൽകിയ ഡോ.ഫാത്തിമ ബാനുവിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നു. തെളിവ് നശിപ്പിക്കാൻ വ്യാജരേഖയും മൊഴിയും ഉണ്ടാക്കി നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ ഡോക്ടർമാർക്കെതിരെ വകുപ്പ് തലത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചതായി അറിയിച്ചിട്ടും ഡോ.പ്രീതി അത് മൊഴിയിൽ രേഖപ്പെടുത്തിയിരുന്നില്ല. ഡോക്ടർ പരിശോധിക്കുന്നതിനു മുമ്പും ശേഷവും യുവതി നൽകിയ മൊഴികളിൽ ഇക്കാര്യം വ്യക്തമാക്കിയതായും പുനരന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകിയതായി അതിജീവിത അറിയിച്ചു. സമരസമിതി നേതാവ് നൗഷാദ് തെക്കയിലും അതിജീവിതയക്കൊപ്പമുണ്ടായിരുന്നു.