ലിലോംഗ്‌വേ: തെ​ക്കു​ ​കി​ഴ​ക്ക​ൻ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​മ​ലാ​വി​യു​ടെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സൗലോസ് ക്ലോസ് ചിലിമയും (51) ഭാര്യ ഷാനിൽ ഡിസിംബിരിയും ഉൾപ്പെടെ 10 പേർ വിമാനാപകടത്തിൽ മരിച്ചു. ഡിസിംബിരി മുൻ പ്രസിഡന്റ് ബാക്കിലി മുലുസിയുടെ മുൻ ഭാര്യ ആണ്. മൂന്ന് പേർ വിമാന ജീവനക്കാരായ സൈനികരാണ്. തിങ്കളാഴ്ച രാവിലെ കാണാതായ ഇവരുടെ വിമാനം പർവത പ്രദേശത്തെ കൊടുംകാട്ടിൽ തകർന്നുവീഴുകയായിരുന്നു.

പ്രസിഡന്റ് ലസാറസ് ചക്‌വേരെ ടെലിവിഷനിലാണ് ദുരന്തം അറിയിച്ചത്. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച​ ​രാ​വി​ലെ​ 9.17​നാണ് ത​ല​സ്ഥാ​ന​മാ​യ​ ​ലി​ലോം​ഗ്‌​വേ​യി​ൽ നിന്ന് തിരിച്ചത്. 370 കിലോമീറ്റർ അകലെ വ​ട​ക്ക​ൻ​ ​ന​ഗ​ര​മാ​യ മുസുസു​വി​ൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം ലിലോംഗ്‌വേയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നും വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും ചക്‌വേരെ അറിയിച്ചു.