hajj

തിരുവനന്തപുരം : സൗദിയില്‍ എത്തിയ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ വൈകുന്ന പ്രശ്‌നം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിദേശകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കത്തെഴുതി. തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാനും വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും യാത്രാ പാസ് ആവശ്യമാണ്.
കേരളത്തില്‍ നിന്ന് ഇത്തവണ 18201 പേരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സൗദിയില്‍ എത്തിയത്. ഇതില്‍ 10792 പേര്‍ സ്ത്രീകളാണ്. '-കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ യാത്ര തിരിച്ചത്.' - 3 കേന്ദ്രങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാറും സംസ്ഥാന ഹജ്ജ് കമ്മറ്റിയും ഒരുക്കിയത്. കണ്ണൂരില്‍ സൗകര്യം ഒരുക്കാന്‍ ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ആവശ്യമായ ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുകയും ചെയ്തു.

യാത്രാ പാസ് പ്രശ്‌നം പരിഹരിക്കാന്‍ സൗദി ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.