
ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിറുത്തൽ ആവശ്യം അംഗീകരിച്ച് യു.എൻ രക്ഷാ സമിതി. എട്ടു മാസത്തിലേറെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിനൊടുവിലാണ് യു.എസ് പിന്തുണയുള്ള പ്രമേയത്തിൽ യു.എൻ വെടിനിറുത്തലിന് അംഗീകാരം നൽകുന്നത്. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമ്മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ റഷ്യ മാത്രം വിട്ടുനിന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്ന് ഘട്ടമായുള്ള വെടിനിറുത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ഇസ്രയേൽ ഈ നിർദ്ദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു. പ്രമേയത്തെ ഹമാസും സ്വാഗതം ചെയ്തു. കരാറിന്റെ തത്വങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് മദ്ധ്യസ്ഥരുമായി സഹകരിക്കാനും പരോക്ഷ ചർച്ചകളിൽ ഏർപ്പെടാനും തയ്യാറാണെന്ന് വോട്ടെടുപ്പിനു ശേഷം ഹമാസ് പറഞ്ഞു.
ആദ്യത്തെ ആറാഴ്ച വെടിനിറുത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയയ്ക്കണം. രണ്ടാം ഘട്ടത്തിലെ സമ്പൂർണ വെടിനിറുത്തലിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദ്ദേശം. ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണമാണ് മൂന്നാം ഘട്ടം.
അടിയന്തര സമ്മേളനം
വിളിച്ച് ജോർദാൻ
വെടിനിറുത്തൽ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അടിയന്തര അന്താരാഷ്ട്ര സമ്മേളനം നടത്താനൊരുങ്ങി ജോർദാൻ. ഗാസയ്ക്ക് പര്യാപ്തമായതും സുസ്ഥിരവുമായ രീതിയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, ദുരന്തത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ തേടുക, നിലവിലെ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ കൂട്ടായ യോജിച്ച പ്രതികരണത്തിനായുള്ള സാദ്ധ്യതകൾ തേടുക, സുസ്ഥിര സഹായത്തിനുള്ള ശൃഖലകൾ ഉറപ്പാക്കുകയും സാധാരണക്കാർക്കുള്ള സഹായവും സംരക്ഷണവും സുരക്ഷിതമായി എത്തിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഹമാസ് 4 ഇസ്രയേൽ
സൈനികരെ വധിച്ചു
റാഫയിൽ കരയാക്രമണം നടത്തുന്ന നാല് ഇസ്രയേൽ സൈനികരെ ഹമാസിന്റെ സായുധ വിഭാഗമായ ഖസാം ബ്രിഗേഡ് കൊലപ്പെടുത്തി. ഏഴുസൈനികർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. തെക്കൻ ഗാസയിലെ റാഫയിൽ മൂന്നുനില കെട്ടിടത്തിൽ കയറിയ കമ്പനി കമാൻഡർ അടക്കമുള്ള സൈനികരെയാണ് കെട്ടിടം തകർത്ത് കൂട്ടത്തോടെ ഹമാസ് കൊലപ്പെടുത്തിയത്. മേജർ താൽ ഷെബിൽസ്കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സർജൻറ് ഈറ്റൻ കാൾസ്ബ്രൺ (20), സർജൻറ് അൽമോഗ് ഷാലോം (19), സർജൻറ് യെയർ ലെവിൻ (19) എന്നിവരാണ് മരിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഗിവാതി ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ്. സൈനിക കമാൻഡറാണ് ഷെബിൽസ്കി ഷൗലോവ്. ലികുഡ് പാർട്ടി നേതാവും മുൻ പാർലമെന്റംഗവുമായ മോഷെ ഫെയ്ഗ്ലിന്റെ ചെറുമകനാണ് ലെവിൻ. ഇതോടെ ഹമാസ് കൊലപ്പെടുത്തിയ ഇസ്രയേൽ സൈനികരുടെ എണ്ണം 299 ആയി.
യു.എസിന്റെയും യു.എന്നിന്റെയും പിന്തുണയോടെയുള്ള വെടിനിറുത്തൽ പദ്ധതിയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ അതിന് ഉത്തരവാദി ഹമാസായിരിക്കും.
-ആന്റണി ബ്ലിങ്കെൻ
യു.എസ് സ്റ്റേറ്റ് സെക്രട്ടറി