തിരുവനന്തപുരം: കാൻ ചലച്ചിത്രമേളയിൽ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളികളെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ഗ്രാൻ പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്" എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെയും പിയർ ഓങ്ജന്യൂ എക്സലൻസ് ഇൻ സിനിമറ്റോഗ്രഫി പുരസ്‌കാരത്തിന് അർഹനായ സന്തോഷ് ശിവനെയുമാണ് ആദരിക്കുന്നത്. നാളെ വൈകിട്ട് 3ന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, അഡി. ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ എന്നിവർ പങ്കെടുക്കും.