
ദുബായ്: യു.എ.ഇ സന്ദർശക വിസയ്ക്ക് കർശന നിർദ്ദേശവുമായി വിമാന കമ്പനികൾ. കൃത്യമായ രേഖകളില്ലാത്ത പല യാത്രക്കാരെയും യു.എ.ഇ. വിമാനത്താവളങ്ങളിൽ തടഞ്ഞുവച്ചതും തിരിച്ചയച്ചതും വാർത്തയായതിനെ തുടർന്നാണിത്. ഈ സംഭവങ്ങൾ വ്യാപകമായതോടെ സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് കർശനമായ നിർദ്ദേശം നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ,എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കൃത്യമായ രേഖകളും ആവശ്യമായ പണവുമില്ലാതെ സന്ദർശക ടൂറിസ്റ്റ് വിസയിലെത്തുന്നവരെ തിരിച്ചയക്കും. ആറ് മാസത്തെയെങ്കിലും കാലാവധി പാസ്‌പോർട്ടിന് ഉണ്ടായിരിക്കണം. സന്ദർശനലക്ഷ്യം വിമാനത്താവളത്തിലെ ഇമിഗ്രേഷനിൽ അധികൃതരെ അറിയിക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
കൃത്യമായ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ഹാജരാക്കണം
യാത്രാ തീയതിയിൽ നിന്നും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പാസ്‌പോർട്ടിന് ഉണ്ടായിരിക്കണം.
സന്ദർശനലക്ഷ്യം വിമാനത്താവളത്തിലെ ഇമിഗ്രേഷനിൽ അധികൃതരെ അറിയിക്കണം.
താമസിക്കുന്ന സ്ഥലത്തിന്റെഹോട്ടലിന്റെ കൃത്യമായ വിവരം, ബന്ധുവിനൊപ്പമോ സുഹൃത്തിനൊപ്പമോ ആണ് താമസമെങ്കിൽ അവരുടെ എമിറേറ്റ്സ് ഐ.ഡി, താമസരേഖ, മടക്കയാത്രയുടെ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
ബന്ധുവിനെയോ സുഹൃത്തിനെയോ കാണാനാണ് വരുന്നതെങ്കിൽ ഇവരുടെ വിസ,പാസ്‌പോർട്ട് എന്നിവയുടെ പകർപ്പും യു.എ.ഇ.യിലെ കൃത്യമായ വിലാസം, ഫോൺനമ്പർ എന്നിവയും കരുതണം.
സന്ദർശകടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് യാത്രാ കാലയളവിൽ ചിലവഴിക്കാനുള്ള നിശ്ചിത തുക ഉണ്ടായിരിക്കണം. ഒരു മാസത്തെ വിസയിൽ എത്തുന്നവർ 3000 ദിർഹവും ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും.