palakkad

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. താന്‍ തീര്‍ച്ചയായും നിയമസഭയെ മിസ് ചെയ്യുമെന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.

വടകര മണ്ഡലത്തില്‍ സിപിഎം നേതാവ് കെകെ ശൈലജയെ 1.15 ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയെന്ന പ്രത്യേകതയുണ്ടായിരുന്നു വടകരയ്ക്ക്. വാശിയേറിയതും വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞതുമായിരുന്നു വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഷാഫി പറമ്പില്‍ രാജിവച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തുമെന്ന് ഷാഫി പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര്‍ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ ബിജെപി ഇറക്കിയപ്പോള്‍ 3859 വോട്ടിനാണ് ഷാഫി ജയിച്ചത്. ഷാഫിയുടെ പകരക്കാരനായി മുന്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

അതേസമയം, വടകരയില്‍ സിറ്റിംഗ് എംപിയായിരിക്കെ തൃശൂരിലേക്ക് മാറി മത്സരിച്ച് തോറ്റ കെ മുരളീധരനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന മുരളിക്ക് വയനാട് ഉപതിരഞ്ഞെടുപ്പിലോ പാലക്കാട് ഉപതിരഞ്ഞെടുപ്പിലോ സീറ്റ് നല്‍കി തണുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.