train

ലോകത്തിലെ വലുപ്പത്തിൽ നാലാം സ്ഥാനത്തുള്ള റെയിൽവെയാണ് ഇന്ത്യയിലേത്. ഏകദേശം 68,525 കിലോമീറ്റർ ദൈർഘ്യമുള്ളതാണിത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിൽ എട്ടാമത്തെ മികച്ച തൊഴിൽദാതാവും റെയിൽവെയാണ്. 1.331 മില്യൺ തൊഴിലാളികളാണ് നമ്മുടെ റെയിൽവെയ്‌ക്കുള്ളത്.

ട്രെയിനുകളിൽ പലതരത്തിൽ നീളത്തിലും ചെറുതായുമെല്ലാം ഹോം മുഴക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. ഇവയ്‌ക്ക് ഓരോന്നിനും ഓരോ അർത്ഥമാണുള്ളത്. അവ ഓരോന്നും ഏതെല്ലാമെന്ന് നോക്കാം.

ചെറിയൊരു ഹോൺ: ഇത്തരത്തിൽ ചെറിയ ഹോൺ കേട്ടാൽ ലോക്കോപൈലറ്റ് ട്രെയിൻ വൃത്തിയാക്കുന്നതിനും കഴുകുന്നതിനും കൊണ്ടുപോകുകയാണെന്നും മനസിലാക്കാം.

രണ്ട് ചെറിയ ഹോൺ: മോട്ടോർമാൻ ഗാർഡിനോട് ട്രെയിൻ പുറപ്പെടാൻ സിഗ്നൽ നൽകാൻ ആവശ്യപ്പെടുകയാണ് ഇത്തരത്തിൽ ഹോൺ നൽകുമ്പോൾ ചെയ്യുന്നത്.

മൂന്ന് ചെറിയ ഹോൺ: ലോക്കോപൈലറ്റ് അപൂർവമായി മാത്രം നൽകുന്നൊരു ഹോൺ ആണിത്. ട്രെയിനിൽ തനിക്കുള്ള നിയന്ത്രണം നഷ്‌ടമായെന്നും ട്രെയിനിന്റെ വാക്വം ബ്രേക്ക് ഉപയോഗിക്കാൻ പോകുകയാണെന്നും സൂചിപ്പിക്കുകയണ് ഇതിലൂടെ ചെയ്യുന്നത്.

നാല് ചെറിയ ഹോൺ: ഏതോ സാങ്കേതിക കാരണങ്ങളാൽ ട്രെയിൻ യാത്ര പുറപ്പെടില്ല എന്ന് സൂചിപ്പിക്കാനാണ് നാല് ഹോൺ മുഴക്കുന്നത്.

തുടർച്ചയായുള്ള ഹോൺ: യാത്രക്കാർക്കായി ലോക്കോ പൈലറ്റ് നൽകുന്ന സൂചനയാണിത്. സ്റ്റേഷനിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ ഇവിടെ നി‌ർത്തില്ല എന്നും അറിയിക്കാനാണ് നീട്ടി ഹോൺ മുഴക്കുന്നത്.

ഒരു നീളത്തിലുള്ള ഹോണും ഒരു ചെറിയ ഹോണും: ഗാർഡിന് ട്രെയിൻ സ്‌റ്റാർട്ട് ചെയ്യും മുൻപ് തയ്യാറെടുപ്പുകൾക്കായി ലോക്കോ പൈലറ്റ് നൽകുന്ന സൂചനയാണിത്.

രണ്ട് നീളത്തിലുള്ളതും ചെറുതുമായ ഹോൺ ലോക്കോ പൈലറ്റ് നൽകിയാൽ അതിനർത്ഥം ട്രെയിനിന്റെ നിയന്ത്രണം ഗാർഡ് ഏറ്റെടുക്കണം എന്നാണ്. നീളത്തിൽ രണ്ട് ഹോണും തുടർന്ന് ചെറിയ രണ്ട് ഹോണും മുഴക്കിയാൽ അടുത്തായി ട്രാക്ക് മാറാൻ പോകുന്നു എന്നാണർത്ഥം. എന്നാൽ ഒരു ചെറിയ ഇടവേളയിട്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ ക്രോസിംഗ് എന്നാണർത്ഥം.

രണ്ട് ചെറിയ ഹോണിന് ശേഷം നീട്ടിയൊരു ഹോൺ ഉണ്ടെങ്കിൽ അതിനർത്ഥം ആരോ ചെയിൻ വലിച്ചതിനാൽ ട്രെയിൻ നിൽക്കാൻ പോകുകയാണ് എന്നാണ്. അതേസമയം ആറ് ചെറിയ ഹോൺ കേട്ടാൽ ട്രെയിനിന് അപകട സാഹചര്യമുണ്ട് എന്നാണർത്ഥം. ഇവയെല്ലാം ശ്രദ്ധിക്കുന്ന ഒരാൾക്ക് കൃത്യമായ ട്രെയിൻ യാത്ര സാദ്ധ്യമാകും.