tree

ചിറ്റൂർ: കനത്ത മഴയ്ക്കു മുമ്പായി വച്ച് പിടിപ്പിക്കേണ്ട തെങ്ങിൻതൈകൾ കർഷകർക്ക് വിതരണം ചെയ്യാനായി കൃഷിഭവനിൽ എത്തിയത് അടുത്ത ദിവസങ്ങളിൽ. അതിനാകട്ടെ കൂടിയ വിലയാണ് ഈടാക്കുന്നത്. തൈകളാണെങ്കിൽ 8 അടിയിൽ കൂടുതൽ വളർച്ചയും ഉണ്ടെന്ന് കർഷകർ സാക്ഷ്യപ്പെത്തുന്നു. സാധാരണ രീതിയിൽ കുഴിക്കുന്ന കുഴിയിൽ ഈ തൈനട്ടാൽ കാറ്റിലും മഴയിലും മറിഞ്ഞു വീഴും. ജെ.സി.ബി ഉപയോഗിച്ച് കുഴി എടുത്താൽ കുഴിയിൽ മഴ വെള്ളം കെട്ടിനിൽക്കും. അതിനാൽ തെങ്ങിൻ തൈകൾ നശിച്ചു പോകാനാണ് കൂടുതൽ സാദ്ധ്യതയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. എരുത്തേമ്പതി ഐ.എസ്.ഡി ഫാമിൽ ഉല്പാദിപ്പിച്ച തെങ്ങിൻ തൈകളാണ് തൊട്ടടുത്ത പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ അടുത്ത ദിവസങ്ങളിലായി വിതരണത്തിന് എത്തിയിട്ടുള്ളത്. തൈ വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസത്തിലും കൂടിയ വില ഈടാക്കുന്നതിലും കർഷകരിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ജനകീയ മത്സ്യകൃഷി

വൈപ്പിൻ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിലാപ്പിയ, അസാം വാള, വരാൽ, അനബാസ്, കാർപ്പ് എന്നിവയുടെ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോ ഫ്‌ളോക്ക്, കൂട് മത്സ്യകൃഷി, ഞണ്ട് കൃഷി, കുളങ്ങളിലെ വനാമി കൃഷി, കുളങ്ങളിലെ ചെമ്മീൻ കൃഷി, മൂല്യ വർദ്ധിത ഉത്പ്പന്ന യൂണിറ്റുകൾ, പുഴകളിലെ പെൻകൾച്ചർ, എംബാങ്ക്‌മെന്റ് മത്സ്യകൃഷി എന്നിവയാണ് പദ്ധതികൾ. അപേക്ഷകൾ മത്സ്യഭവനുകളിൽ ലഭ്യമാണ്. 13-നകം അപേക്ഷകൾ സമർപ്പിക്കണം.