sanju-samson

ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍ എന്നിവരെ പരാജയപ്പെടുത്തിയെങ്കിലും ചില താരങ്ങളുടെ മോശം ഫോം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഓള്‍റൗണ്ടര്‍ ശിവം ദൂബെയുടെ മോശം പ്രകടനം. യുഎസ്എക്ക് എതിരായ മത്സരത്തില്‍ ദൂബെക്ക് പകരം മലയാളി താരം സഞ്ജു സാംസംണ് അവസരം ലഭിക്കാനാണ് സാദ്ധ്യത.

യുവ താരം യശ്വസി ജയ്‌സ്‌വാളും പരിഗണനാ പട്ടികയിലുണ്ടെങ്കിലും സ്പിന്നിനേയും ഫാസ്റ്റ് ബൗളിംഗിനേയും ഒരുപോലെ നേരിടാനും ക്രീസില്‍ സമയം ചിലവഴിച്ച് കളിക്കാനുമുള്ള മിടുക്ക് സഞ്ജുവിന് തുണയാകാനും സാദ്ധ്യതയുണ്ട്. സൂപ്പര്‍ താരം റിങ്കു സിംഗിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് ശിവം ദൂബെയെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐപിഎല്ലിലെ മികവ് ലോകകപ്പില്‍ പുറത്തെടുക്കാന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല.

അയര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ രണ്ട് പന്തുകള്‍ നേരിട്ട താരം പുറത്താകാതെ നിന്നെങ്കിലും ഒരു റണ്‍ പോലും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ ദൂബെ നിരാശപ്പെടുത്തി. ഒമ്പത് പന്തുകള്‍ നേരിട്ട താരം വെറും മൂന്ന് റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു. നസീം ഷാ ആണ് താരത്തെ പുറത്താക്കിയത്. ഫീല്‍ഡിംഗില്‍ മുഹമ്മദ് റിസ്‌വാന്റെ അനായാസമായ ഒരു ക്യാച്ച് ദൂബെ വിട്ടുകളയുകയും ചെയ്തിരുന്നു.