
സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണത്തിനും ഇഷ്ടപ്പെട്ട ഒരു വാഹനം വാങ്ങാനോ വായ്പയെടുക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതോടൊപ്പം തന്നെ സാമ്പത്തിക അത്യാവശ്യങ്ങള്‍ക്ക് പേഴ്‌സണല്‍ ലോണെടുക്കുന്നവരും കുറവല്ല. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണെടുക്കുകയെന്ന പ്രക്രിയ ഇനി അത്ര എളുപ്പമാകില്ല. വായ്പ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
സുരക്ഷിതമല്ലാത്ത വായ്പകള്‍ക്കുള്ള നിയന്ത്രണം ശക്തമാക്കാനാണ് ആര്‍ ബി ഐ തയ്യാറെടുക്കുന്നത്. ഇതിന് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ബാങ്കുകളുടെ വായ്പകളിലും നിയന്ത്രണമുണ്ടാകും. നേരത്തെ കൈക്കൊണ്ട നിയന്ത്രണം കര്‍ശനമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമാണോ എന്ന് പരിശോധിച്ച് വരികയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്കുകളുടെ ധനസ്ഥിതിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നവംബറില്‍, വ്യക്തിഗത വായ്പകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ക്കും കൂടുതല്‍ മൂലധനം നീക്കിവയ്ക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന് പിന്നാലെ വായ്പകള്‍ അനുവദിക്കുന്നതില്‍ കുറവ് വന്നിട്ടുമുണ്ട്. അതേ സമയം ഭവന, വിദ്യാഭ്യാസം, വാഹന വായ്പകള്‍, സ്വര്‍ണ്ണം, എന്നീ വായ്പകളെ നിയന്ത്രണത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഒഴിവാക്കിയിരുന്നു.
ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകള്‍ 2024 ഏപ്രില്‍ 19 വരെ 19.2% വര്‍ദ്ധിച്ചിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം വര്‍ദ്ധന 25.7% ആയിരുന്നു. എന്‍ബിഎഫ്സികള്‍ക്കുള്ള വായ്പാ വളര്‍ച്ച ഇതേ കാലയളവില്‍ 14.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.