
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ യുഎസ്എ, ഇന്ത്യ എന്നിവരോട് തോല്‍വി വഴങ്ങിയ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ കാനഡയ്‌ക്കെതിരെ ജയം അനിവാര്യമായിരുന്നു. ഇന്ത്യക്കെതിരെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ശേഷം ശക്തമായ നിലയില്‍ നിന്ന് തോല്‍വി വഴങ്ങിയതിന്റെ അനുഭവത്തില്‍ ശ്രദ്ധയോടെയാണ് കാനഡയ്‌ക്കെതിരെ പാകിസ്ഥാന്‍ ബാറ്റ് വീശിയത്. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ ആദ്യ ജയമാണിത്.
സ്‌കോര്‍: കാനഡ 106-7 (20), പാകിസ്ഥാന്‍ 107-3 (17.3)
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ബാറ്റിംഗ് നിരയിലും മാറ്റം വരുത്തിയിരുന്നു. ബാബറിന് പകരം സയീം അയൂബ് ആണ് മുഹമ്മദ് റിസ്‌വാന് ഒപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. എന്നാല്‍ വെറും 6(12) റണ്‍സ് നേടി അയൂബ് പുറത്തായി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസം 33(33), റിസ്‌വാനുമൊത്ത് രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹെയ്‌ലിഗര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് പാക് നായകന്‍ മടങ്ങുമ്പോള്‍ അവര്‍ ജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു.
ബാബര്‍ പുറത്തായതിന് ശേഷം അര്‍ദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാന്‍ 53*(53) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫഖര്‍ സമാന്‍ 4(6) റണ്‍സ് നേടി പുറത്തായപ്പോള്‍ ഉസ്മാന്‍ ഖാന്‍ 2*(1) പുറത്താകാതെ നിന്നു. സൂപ്പര്‍ എട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും പാകിസ്ഥാന്.
ആദ്യം ബാറ്റ് ചെയ്ത കാനഡ ആരണ്‍ ജോണ്‍സന്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 52*(44) മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് നേടിയത്. ജോണ്‍സന് പിന്തുണ നല്‍കുന്നതില്‍ മറ്റ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടതാണ് കാനഡയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുന്നതിന് തടസ്സമായത്. നവ്‌നീത് ധനിവാള്‍ 4(7), പര്‍ഗത് സിംഗ് 2(6), നിക്കോളാസ് കിര്‍ട്ടന്‍ 1(6), ശ്രേയസ് മൊവ്വ 2(9), രവീന്ദര്‍പാല്‍ സിംഗ് 0(2) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സ്‌കോര്‍.
എട്ടാമനായി എത്തിയ ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍ 10(13), കലീം സനാ 13*(14), ദില്ലണ്‍ ഹെയ്‌ലിഗര്‍ 9*(11) എന്നിവരാണ് ടീം സ്‌കോര്‍ നൂറ് കടത്തിയത്. മികച്ച ബൗളിംഗ് പ്രകടനമാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പാകിസ്ഥാന്റെ കൃത്യതയാര്‍ന്ന ബൗളിംഗ് കൂടിയായപ്പോള്‍ കാനഡ ശരിക്കും വെള്ളം കുടിക്കുകയായിരുന്നു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.