suresh-gopi

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും ഇതിനായി വര്‍ഷങ്ങളായിപൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി സ്ഥലം ഉപയോഗപ്പെടുത്തണമെന്നും കാണിച്ച് പുതിയ മന്ത്രിസഭയ്ക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ നിവേദനം നല്‍കി ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രിക്കും കേരളത്തില്‍ നിന്നുള്ള പുതിയ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കുമാണ് നിവേദനം നല്‍കിയത്.

എയിംസ് പെരുമ്പാവൂരില്‍ സ്ഥാപിച്ചാല്‍ അത് കേരളത്തിനും തമിഴ്‌നാടിനും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിയും.
പെരുമ്പാവൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ആയി അന്യസംസഥാന തൊഴിലാളികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൃത്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല .വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ വിവിധ ആശുപത്രികളിലോ തിരുവനന്തപുരം, കോട്ടയം കളമശേരി മെഡിക്കല്‍ കോളേജുകളിലോ പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്..ഇതിന് ഒരു ശാശ്വത പരിഹാരമായിട്ടാണ് പൂട്ടിക്കിടക്കുന്ന റയോണ്‍സ് കമ്പനി വളപ്പില്‍ എയിംസ് സ്ഥാപിക്കുക എന്ന് പുതിയ ആശയവുമായി പ്രദേശവാസികളും ബി.ജെ.പി. പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയും രംഗത്തുവന്നിരിക്കുന്നത്. .

കേരളത്തിന്റെയും അയല്‍ സംസ്ഥാനങ്ങളുടെയും ആരോഗ്യപരമായ മുന്നേറ്റത്തിന് എയിംസ് പ്രയോജനപ്രദമാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എയിംസ് സ്ഥാപിച്ചാല്‍ കേരളത്തില്‍ മുഴുവനായും തമിഴ്‌നാട്ടില്‍ നിന്ന് ഭാഗികമായും രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കും.

റയോണ്‍സ് കോമ്പൗണ്ടിന്റെ വടക്കുവശം ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പെരിയാറും ഉണ്ട്. അതുകൊണ്ടുതന്നെ സമൃദ്ധമായ ജലസമൃദ്ധിയും ശുദ്ധവായുവും ഉള്ള പ്രദേശമാണിതെന്ന് നിവേദനത്തില്‍ പറയുന്നു.

അന്യ സംസ്ഥാന തൊഴിലാളികളും സ്വദേശികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഇല്ല. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റയോണ്‍സ് കമ്പനി കോമ്പൗണ്ടില്‍ എയിംസ് സ്ഥാപിക്കണമെന്ന നിവേദനം പുതിയ കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

പി. അനില്‍ കുമാര്‍, ബി.ജെ.പി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ്,

ദേവച്ചന്‍ പടയാട്ടില്‍, ജനറല്‍ സെക്രട്ടറി, ബി.ജെ.പി മണ്ഡലം കമ്മിറ്റി

സംസ്ഥാന മദ്ധ്യത്തില്‍ വിദഗ്ദ്ധ ചികിത്സ

70 ഏക്കറോളം വരുന്ന റയോണ്‍സ് കോമ്പൗണ്ട് ഉപയോഗപ്പെടുത്തി എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ കേരളത്തിന്റെ മദ്ധ്യഭാഗത്ത് വിദഗ്ദ്ധ ചികിത്സ കിട്ടുവാന്‍ ഉപകരിക്കും. തിരുവനന്തപുരത്തുനിന്ന് 225 കിലോമീറ്ററും മൂന്നാറില്‍ നിന്ന് 93 കിലോമീറ്ററും കണ്ണൂരില്‍ നിന്ന് 270,കോയമ്പത്തൂരില്‍ നിന്ന് 166 ഉം എറണാകുളത്തുനിന്ന് 40 ഉം എന്‍.എച്ച്.66 ല്‍നിന്ന് 25 കിലോമീറ്ററും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 12 കിലോമീറ്ററും ആലുവ മൂന്നാര്‍ റോഡില്‍ നിന്ന് 5 ഉം എം.സി. റോഡില്‍ നിന്നും ഒരു കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരമെന്നും നിവേദനത്തില്‍ പറയുന്നു.