bridge

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെട്ട ഏഴ് പാലങ്ങളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. വിവിധ ജില്ലകളിലായി ഏഴ് പ്രധാന പാലങ്ങളുടെ നിർമാണത്തിന് 167 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയത്.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ എൻ എച്ചിന് സമാന്തരമായുള്ള പഴയ പാലത്തിനോട് ചേർന്ന് പുതിയ രണ്ടുവരി പാലത്തിനു 55 കോടി രൂപയാണ് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ ചാലിയാറിനു കുറുകെ അബൂട്ടാൻപോറ്റി-ശാന്തിഗ്രാമം പാലത്തിനു 12.50 കോടി, ഒലിപ്പുഴയ്ക്ക് കുറുകെ ചെറയക്കോട് പാലത്തിനു 12.50 കോടി, കുളത്തൂർ തോടിനു കുറുകെ കുളത്തൂർ പാലത്തിനു 10 കോടി, പൊന്മുണ്ടം ബൈപാസിൽ റെയിൽവേ മേൽപ്പാലത്തിന്റെ അപ്പ്രോച്ച് പാലത്തിനു 33 കോടി, പാലക്കാട് ജില്ലയിൽ ഗായത്രി പുഴക്ക് കുറുകെ വെങ്ങനൂർ പാലത്തിനു 12 കോടി, ഇടുക്കി ജില്ലയിൽ ദേശീയ പാത 185 നെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന തടിയൻപാട് പാലത്തിന്റെ നിർമാണത്തിന് 32 കോടി രൂപയ്ക്കുമാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (സിആർഐഎഫ് ) നു കീഴിൽ വരുന്ന പദ്ധതിയാണ് സേതുബന്ധൻ. പദ്ധതി പ്രകാരം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും ഏറ്റെടുക്കുന്ന സ്ഥലത്തെ വൈദ്യുതിപോസ്റ്റുകൾ, മരങ്ങൾ ഉൾപ്പെടെ തടസങ്ങൾ നീക്കുന്നതിനുമുള്ള ചെലവുൾപ്പെടെ സംസ്ഥാന സർക്കാർ വഹിക്കണം.