കുഞ്ഞുകവിളത്ത് കുറ്റിമീശകൊണ്ട് പതിയെ ഉരുമ്മിയുരുമ്മി അച്ഛൻ വരയ്ക്കുന്നൊരു ഉമ്മയുടെ നീറ്റൽമധുരം, അമ്പലക്കുളത്തിൽ, വെള്ളപ്പരപ്പിനു തൊട്ടുതാഴെ അച്ഛന്റെ നീട്ടിപ്പിടിച്ച കൈകളിൽക്കിടന്ന് നീന്തലിന്റെ ഒന്നാം പാഠം. 'എഞ്ചുവടി"യുടെ പെരുക്കം പിടികിട്ടാഞ്ഞ് ഉറക്കംവരാതെ കരയുമ്പോൾ 'ഈരേഴു പതിന്നാലെ"ന്ന് പാടിത്തരുന്ന സമാശ്വാസം.... അച്ഛന്റെ കണ്ണട, ചാരുകസേര, ചെരിപ്പ്.... എല്ലാം ഓർമ്മയിലെ സ്നേഹത്തിന്റെ അടയാളങ്ങളാണ്.
മുതിർന്ന് ഒരു അച്ഛനായിത്തീരുമ്പോഴാണ്, തീരാസ്നേഹത്തിനു മീതെ എപ്പോഴും ഒരു കട്ടിക്കണ്ണടയുടെ കാർക്കശ്യം സ്വന്തം അച്ഛൻ സൂക്ഷിച്ചത് എന്തുകൊണ്ടെന്ന് പിടികിട്ടുക. അമ്മയുടെ സ്നേഹത്തിന് ഒരൊറ്റ മുഖമേയുള്ളൂ- വാത്സല്യത്തിന്റെ ചാന്ദ്രമുഖം. അച്ഛനാകട്ടെ ചിലപ്പോൾ ജ്വലിക്കുന്ന സൂര്യനായും, ചിലപ്പോൾ ഇമചിമ്മുന്ന ചിരിയുടെ നക്ഷത്ര കൗതുകമായും, ഒരിക്കലും മന:സമാധാനക്കേടു മാറാത്ത കടലിന്റെ തിരമുഖമായും, ശാസനയുടെ പ്രചണ്ഡതയായും, ഒരിക്കലും കയറിത്തീരാത്ത കുന്നിന്റെ അദ്ഭുതപ്പൊക്കമായും ഓരോ പകലും മുറംമാറുന്ന മേഘരൂപം!
കുട്ടിക്കാലത്ത് അച്ഛനേക്കാൾ വലിയൊരു ശത്രു വേറെയുണ്ടാകില്ല പലർക്കും. താക്കീതുകളുടെ തുടർച്ചയാകും പലപ്പോഴും അച്ഛൻ. അപ്പോഴെല്ലാം ഓടിച്ചെല്ലേണ്ടത് അമ്മയുടെ അടുത്തേയ്ക്കാണ്. ആശ്വാസത്തോടെ ചാരിനില്ക്കാൻ ഒരിടം തേടി ആ അമ്മ ആരുംകാണാതെ ചെന്നു ചായുന്ന നെഞ്ചകം അച്ഛന്റേതാണെന്ന് ഒടുവിൽ തിരിച്ചറിയുമ്പോഴാണ് അച്ഛൻ എന്ന തണൽമരത്തിന്റെ തണുവും സ്നേഹത്തിന്റെ മണവും മനസിലാവുക. പുരുഷജന്മത്തിന്റെ ഋതുപ്പകർച്ചകൾ ഓരോന്നു പിന്നിട്ട്, സായാഹ്നത്തിന്റെ വെയിൽച്ചെരിവിൽ മനസിൽ മറ്രൊന്നുമില്ലാതിരിക്കുമ്പോൾ ആരോ അകത്തിരുന്ന് ചോദിക്കുന്നു: ആരായിരുന്നു, നിനക്ക് അച്ഛൻ?
കഥയെഴുതി
കട്ടിൽ വാങ്ങി
എൻ.പി. ഹാഫിസ് മുഹമ്മദ്
(എൻ.പി. മുഹമ്മദിന്റെ പുത്രൻ)
ഒന്നാം റാങ്ക് വാങ്ങിയാൽ നിനക്ക് സ്വന്തമായിട്ടൊരു കട്ടിൽ വാങ്ങിച്ചുതരാമെന്ന് ഉപ്പ പറഞ്ഞത് ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ്. കോഴിക്കോട് കുറ്റിച്ചിറയിലെ ഉമ്മയുടെ തറവാട്ടു വീട്ടിലാണ് അന്നു ഞങ്ങൾ. ഞെങ്ങി ഞെരുങ്ങി ഒരു കട്ടിലിലെ കിടന്നുറക്കം. സ്വന്തമായൊരു കട്ടിലായിരുന്നു അന്നെന്റെ സ്വപ്നം. റിസൽട്ട് വന്നപ്പോൾ കട്ടിൽ എന്ന വാഗ്ദാനം ഉപ്പ മറന്നു. ഞാനാകെ നിരാശൻ. ആ നിരാശയിൽ എഴുതിയതാണ് എന്റെ ആദ്യ കഥ: 'എന്റെ സമരം."
കഥ മാതൃഭൂമി ബാലപ്തിയിൽ അച്ചടിച്ചുവന്നു. അപ്പോഴാണ് ഉപ്പ കാണുന്നത്. കഥയിലെ വില്ലൻ ഉപ്പയായിരുന്നു. റാങ്ക് വാങ്ങിയിട്ടും മകനോട് വാക്കു പാലിക്കാതിരുന്ന ഉപ്പ. കഥ കണ്ടപ്പോൾ ഉപ്പ എന്നെ അടുത്ത് വിളിച്ചിരുത്തി, ' ഇങ്ങനെയാവണം കഥകൾ. നമുക്കറിയാവുന്നതാണ് എഴുതേണ്ടത്. പരിചിതമായ ലോകത്തു നിന്ന് അപരിചിതമായ ലോകങ്ങൾ കണ്ടെത്തണം. സാധാരണ ജീവിതത്തിൽ നിന്ന് അസാധാരണ ലോകം കണ്ടെത്തുന്നതാണ് സാഹിത്യത്തിന്റെ ഇന്ദ്രജാലം..." പിറ്റേന്ന് ഞാൻ ഉണർന്നെണീക്കുമ്പോൾ നല്ലൊരു തേക്കിന്റെ കട്ടിൽ വീട്ടിലെത്തിയിരുന്നു. സത്യം പറഞ്ഞാൽ ഉപ്പ വിടപഞ്ഞിട്ട് വർഷം ഒരുപാടായെങ്കിലും ആ കട്ടിൽ ഇന്നും എന്റെ കൂടെയുണ്ട്; ഒരു നിധിപോലെ!
സ്കൂൾ വിട്ടുവരുമ്പോൾ തറവാട്ടിലെ കോലായയിൽ ഉപ്പയും സുഹൃത്തുക്കളും സാഹിത്യ ചർച്ചകളിലാവും. ഇപ്പോൾ ഓർക്കുമ്പോഴാണ് ആ ചർച്ചകളിൽ പങ്കെടുത്തവരുടെ വലുപ്പം അദ്ഭുതപ്പെടുത്തുന്നത്. എം. ഗോവിന്ദൻ, സുകുമാർ അഴീക്കോട്, ഉറൂബ്, എം.ടി, എം.വി. ദേവൻ, എൻ.എൻ. കക്കാട്, ആർ. രാമചന്ദ്രൻ, നമ്പൂതിരി.... ആപട്ടിക അങ്ങനെ നീളും. ഇടയ്ക്ക് ചർച്ചകൾ നമ്പൂതിരിയുടെ വാടകവീട്ടിലേക്കും മറ്റും നീളും. ഉമ്മയുടെ പ്രധാന പണി അവർക്കുള്ള ഉച്ചയൂണും വൈകിട്ടത്തെ ചായയും പലഹാരങ്ങളും ഉണ്ടാക്കലായിരുന്നു.
ആ ചർച്ചകളിലെ കുട്ടിയായിരുന്നു, ഞാൻ. ഒരുപക്ഷേ ആ ചർച്ചകളിലൂടെയാവണം എന്നിലും ഒരു എഴുത്തുകാരനുണ്ടെന്ന തിരിച്ചറിവുണ്ടായത്. ഓരോ ആഴ്ചയും പുറത്തിറങ്ങുന്ന പുതിയ പുസ്തകങ്ങൾ, ആനുകാലികങ്ങളിലെ കഥകൾ, അവർ എഴുതാനിരിക്കുന്നതും എഴുതിത്തീർത്തതുമായ കഥകൾ... എല്ലാ ചർച്ചയും അവിടെ നടക്കും. ഒരു പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ചർച്ചകളെക്കുറിച്ച് ഇന്നോർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. ഉറൂബിന്റെ 'ഉമ്മാച്ചു"വിന് ഉപ്പ അവതാരിക എഴുതുന്നത് ഇരുപത്തിയാറാം വയസിലാണ്. അത് ഇന്നും പുതിയ പതിപ്പുകളുണ്ടാവുമ്പോഴും തുടരുന്നുണ്ട്. അങ്ങനെയൊരു വലിയ ഉപ്പയുടെ ചെറിയ മകനാകാൻ കഴിഞ്ഞതിൽപ്പരം സൗഭാഗ്യം എന്താണുള്ളത്! സാഹിത്യത്തിലേക്കുള്ള എന്റെ താത്പര്യമറിഞ്ഞപ്പോൾ ഉപ്പ നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു: സാഹിത്യം തരുന്ന അംഗീകാരങ്ങൾ സ്വീകരിക്കാം. പക്ഷെ അതിനു പിന്നാലെ ഓടരുത്. വിലകൊടുക്കേണ്ടത് സാഹിത്യത്തിനാണ്. മറിച്ച് എഴുത്തുകാരനല്ല. എഴുത്തുകാരൻ ബാക്കിയാവുന്നത് അയാളെഴുതിയ രചനകളിലൂടെയാണ്. രചനകളാണ് വ്യക്തിയെ നിലനിറുത്തുന്നത്; വ്യക്തികളല്ല...- ആ ഉപദേശമാണ് സാഹിത്യത്തിലും ജീവിതത്തിലും എന്നെ നയിക്കുന്നത്.
(എൻ.പി. ഹാഫിസ് മുഹമ്മദ് കോക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവാനായി വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് തുടങ്ങിയപ്പോൾ മുതൽ 2023 വരെ അതിന്റെ ചുമതല. സാഹിത്യത്തിന് കേരള- കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടി).
മുനീർ ഡ്രൈവിംഗ്
പഠിക്കുന്നുണ്ട്,
റോഡിൽ ഇറങ്ങരുത്!
ഡോ. എം.കെ. മുനീർ
(സി.എച്ച്. മുഹമ്മദ് കോയയുടെ പുത്രൻ)
ഉപ്പപോയിട്ട് 41വർഷമായി. പക്ഷെ ഓരോ ദിവസവും ഉണരുമ്പോൾ കൺമുന്നിലേക്ക് ഉപ്പയുടെ ഓർമ്മകൾ വരും. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയാവുമ്പോഴും മക്കളുടെ കാര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു. ഉപ്പയുടെ ഫലിതങ്ങൾ പ്രസിദ്ധമാണല്ലോ. എത്ര ഗൗരവമുള്ള കാര്യങ്ങളും ചിരിയുടെ മേമ്പൊടിയിലൂടെയാണ് ഉപ്പ അവതരിപ്പിക്കുക.
എന്നെ കളിയാക്കുന്നത് ഉപ്പയുടെ പ്രധാന ഹോബിയായിരുന്നു. ഒരു ഞായറാഴ്ച. സിറ്റിംഗ് റൂമിൽ പ്രത്രം വായിച്ചുകൊണ്ടിരുന്ന ഉപ്പ, അതു മടക്കിവെച്ച് ലാൻഡ് ഫോണെടുത്ത് ഡയൽചെയ്തു. അയൽപക്കത്തെ പൊലീസ് സൂപ്രണ്ട് മൊയ്തീൻകുഞ്ഞി സാഹിബിൽ തുടങ്ങി, ഉറ്റസുഹൃത്ത് പക്കർക്കായെ വരെ വിളിച്ചു. വളരെ ഗൗരവത്തിലായിരുന്നു സംസാരം: 'ഇന്ന് ആരും പുറത്തിറങ്ങരുത്, പ്ലീസ്...!" എന്തുപറ്റി, എന്താ കാര്യമെന്ന് ഉത്കണ്ഠയോടെ അവരൊക്കെ ചോദിച്ചു. ഗൗരവം വിടാതെ ഉപ്പയുടെ കമന്റ്: ' മുനീർ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്; കാറെടുത്ത് പുറത്തിറങ്ങിയിരിക്കുന്നു....!" വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞാണ് വിവരം ഞാനറിയുന്നത്. അതോർക്കുമ്പോൾ ഇപ്പോഴും ചിരി വരും.
ഉപ്പ വീട്ടിലുണ്ടെങ്കിൽ എന്നും ആഘോഷമാണ്. ഭക്ഷണത്തിന് ഒരുപാടു പേരുണ്ടാവും. ഉമ്മ ഭക്ഷണമൊരുക്കുന്നതിനിടെ കൂട്ടത്തിൽ ആരോ പറഞ്ഞു; നല്ല പൊരിച്ച മീൻ കിട്ടിയാൽ ഉഷാറാകുമായിരുന്നു എന്ന്. ഉടൻ ഉപ്പ ചാടിയിറങ്ങി- 'ഞാൻ കൊണ്ടുവരാം!" പത്തുമിനിട്ട് കഴിയുമ്പോഴേക്കും ചൂടുള്ള പൊരിച്ച അയലയുമായി ഉപ്പയെത്തി. എല്ലാവരും സ്വാദോടെ അയല കഴിച്ചു. അവസാനമാണ് എവിടുന്നു കിട്ടി, ഇത്ര നല്ല അയലയെന്ന ചോദ്യം വന്നത്. ഉടൻ ഉപ്പ പറഞ്ഞു: 'ആ പാലത്തിനടിയിലെ കള്ളുഷാപ്പിൽ നിന്ന്...." എല്ലാവരും സ്തഭിച്ചുപോയി.
ഉമ്മ പറഞ്ഞു കേട്ടതാണ്- അതും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. ഉമ്മയും ഉപ്പയും വിദേശ പര്യടനം കഴിഞ്ഞ് ലണ്ടനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. കാറിൽ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോൾ റോഡരികിലെ ചുവരിൽ ഒട്ടിച്ചിരുന്ന പോസ്റ്റർ കണ്ട് ഉപ്പയിലെ രസികൻ ഉണർന്നു: 'ഈ സിനിമാക്കാരുടെ ഒരുകാര്യം! നമ്മൾ ലണ്ടനിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അവരത് സിനിമയാക്കിക്കളഞ്ഞു- ദാ, കണ്ടില്ലേ? മണ്ടന്മാർ ലണ്ടനിൽ!"
(മുസ്ളിം ലീഗ് സെക്രട്ടറി ആയ ഡോ. എം.കെ. മുനീർ എം.എൽ.എയും മുൻ മന്ത്രിയുമാണ്)
അങ്ങാടിപ്പുറത്തെ
'പ്രാന്തൻ" പൊതുവാൾ
ഞെരളത്ത് ഹരിഗോവിന്ദൻ
(ഞെരളത്ത് രാമപ്പൊതുവാളുടെ പുത്രൻ)
കല മാത്രമായിരുന്നു അച്ഛന് ലഹരി. അദ്ദേഹത്തിന്റെ മകനായി ജനിച്ചതാണ് എനിക്കുള്ള ഏറ്റവും വലിയ ബഹുമതി. മദ്യത്തിനും മറ്റ് ലഹരികൾക്കും അടിമപ്പെട്ട കലാകാരന്മാർ അക്കാലത്തുണ്ടായിരുന്നു. അച്ഛൻ പുറത്തുള്ള ലഹരിയെ ഒരിക്കലും ആശ്രയിച്ചില്ല. വലുതല്ല, മറിച്ച് മഹാനായ കലാകാരനായിരുന്നു അദ്ദേഹം. തൻകാര്യം നേടാൻ മറ്റുള്ളവരെ ദ്രോഹിച്ചല്ല. മഹത്വമെന്തെന്ന് എന്നെ പഠിപ്പിച്ചു.
'പ്രാന്തൻ പൊതുവാളെ"ന്നാണ് അച്ഛൻ അങ്ങാടിപ്പുറത്ത് അറിയപ്പെട്ടിരുന്നത്. സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുന്നവരാണല്ലൊ ബുദ്ധിമാന്മാർ. പാടുന്നതിന് കൃത്യമായ പ്രതിഫലം പോലും ഒരിക്കലും അച്ഛൻ വാങ്ങിയിരുന്നില്ല. അച്ഛന്റെ ശരീരം മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ, മനസ് സദാ മറ്റൊരിടത്തായിരുന്നു. അവധൂത സ്വഭാവം കാണിച്ചിരുന്നു. വീട്ടിലേക്കെത്തുമ്പോൾ വീടെത്താനുള്ള ആർത്തി. അകന്നുപോകുമ്പോൾ അകലാനുള്ള ആർത്തി. അത്തരമൊരു സഞ്ചാരിഭാവമായിരുന്നു എന്നും അച്ഛന്.
ആഗ്രഹിച്ചതു പോലെ ജിവിക്കാനായ സുകൃതിയാണ് അച്ഛൻ. സ്തുതിപാടൽ മാത്രമായിരുന്ന സോപാന സംഗീതത്തെ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിച്ച് ജനകീയമാക്കി. വള്ളത്തോൾ, പി. കുഞ്ഞിരാമൻ നായർ തുടങ്ങിയവരുടെ കവിതകൾ കൊട്ടിപ്പാടി. കാട്ടിലും വീട്ടിലും റോഡിലും വരെ പാടാൻ തയ്യാറായി. അതുകൊണ്ടാണ് സോപാനഗായകർക്ക് ഇന്നത്തെ വ്യക്തിത്വമുണ്ടായത്.
തായ് വഴിക്കുള്ള സംഗീതവാസന, അമ്മാവൻ വഴിക്കുള്ള ക്ഷേത്രസംഗീതം, ചെെെമ്പ െെവദ്യനാഥ ഭാഗവതരിൽ നിന്നുള്ള കർണാടക സംഗീത പരിജ്ഞാനം, കോട്ടയ്ക്കലിൽ നിന്നുള്ള കഥകളി സംഗീതം, എസ്.പി രമേശ് സാറുമായി ബന്ധപ്പെട്ടുള്ള ഹിന്ദുസ്ഥാനി സംഗീതം... ഇതിന്റെയൊക്കെ സ്വാധീനം അച്ഛനിലുണ്ടായിരുന്നു. തനി സോപാന സംഗീതമായിരുന്നില്ല അച്ഛൻ പാടിയിരുന്നത്. എന്നാൽ സോപാനത്തിന്റെ എല്ലാ ധാരകളുമുണ്ടായിരുന്നു.ഇടയ്ക്ക കൊട്ടി സ്വരസ്ഥാനങ്ങൾ തെറ്റാതെ പാടുന്നത് എളുപ്പമല്ല. അതിനു കഴിഞ്ഞ മാതൃകാ കലാകാരനാണ് അച്ഛൻ.
(പ്രശസ്തനായ സോപാന സംഗീതജ്ഞനാണ് ഞെരളത്ത് ഹരിഗോവിന്ദൻ)
എന്റെ സ്വന്തം
സ്പൈഡർമാൻ
ഡോ.എസ്.സുധീന്ദ്രൻ
(കെ, സുരേന്ദ്രന്റെ പുത്രൻ)
മനുഷ്യമനസുകളുടെ സങ്കീർണതകളെ കീറിമുറിച്ച് നോവലുകളെഴുതിയിരുന്ന അച്ഛന് കുഞ്ഞുങ്ങളുടെ മനസായിരുന്നു. മക്കൾക്കും ചെറുമക്കൾക്കുമൊപ്പം സ്പൈഡർമാൻ സിനിമയും കാർട്ടൂൺ സീരിയലും കണ്ടും കഥകൾ വായിച്ചും രസിക്കുമ്പോൾ, അച്ഛനാണോ ഈ കൃതികളെല്ലാം എഴുതുന്നതെന്ന് സംശയിച്ചു പോയിട്ടുണ്ട്. അച്ഛനോട് സംസാരിക്കുമ്പോഴൊന്നും എഴുത്തിൽ ഇത്രത്തോളം അഗാധമായി വ്യാപരിച്ചിരുന്ന ആളാണെന്ന് തോന്നുകയേ ഇല്ലായിരുന്നു. ജീവിതാന്ത്യം വരെ ആ കുട്ടിത്തവും നിഷ്കളങ്കതയും അച്ഛൻ നിലനിറുത്തി.
ഏത് പുതിയ കാര്യത്തെക്കുറിച്ചും അറിയാനുള്ള ജിജ്ഞാസയായിരുന്നു അച്ഛന്റെ മറ്റൊരു പ്രത്യേകത. അറിയാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ ആവേശഭരിതനാകും. അദ്ഭുതത്തോടെ കേട്ടിരിക്കും. വായിച്ചും ചോദിച്ചും സൂക്ഷ്മാംശങ്ങൾ കണ്ടെത്തും. കമ്പ്യൂട്ടർ രംഗപ്രവേശം ചെയ്തപ്പോൾ പ്രായം മറന്നും അതിനു പിന്നാലെ പോയി കാര്യങ്ങൾ മനസിലാക്കി. ഇംഗ്ളണ്ടിലെ ആശുപത്രിയിൽ ഞാൻ ജോലി ചെയ്യുന്ന കാലത്ത്, വീട്ടിലെത്തുമ്പോൾ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചൊക്കെയുള്ള ചോദ്യശരങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. വീടിന്റെ മുകൾനിലയിലെ മുറിയുടെ ഏകാന്തതയിൽ രാവിലെയായിരുന്നു അച്ഛന്റെ എഴുത്തെല്ലാം. വരാന്തയിൽ തുടർച്ചയായി നടക്കും. അപ്പോഴായിരിക്കണം,
നോവലുകളിലെ കഥാപാത്രങ്ങളുടെ സങ്കീർണമായ ജീവിതങ്ങൾ ആ ചിന്തയിൽ നിറഞ്ഞിരുന്നത്. ഒരു തവണ മാത്രമാണ് അച്ഛൻ ശിക്ഷിച്ചത്. അഞ്ചോ ആറോ വയസുള്ളപ്പോൾ. വീട്ടിലെ ടോർച്ച് എടുത്ത് ഞാൻ കിണറ്റിലെറിഞ്ഞതായിരുന്നു കാര്യം. വ്യക്തമായ ഓർമ്മയില്ല. അമ്മ പറഞ്ഞാണ് അതേക്കുറിച്ചുള്ള അറിവ്. പാചകമായിരുന്നു അച്ഛന്റെ മറ്റൊരു ഇഷ്ടം. അടുക്കള കൈയേറി അലങ്കോലമാക്കുമ്പോൾ അമ്മ ദേഷ്യം പിടിക്കുന്നതും മറ്റും മറക്കാനാവാത്ത ഓർമ്മകളാണ്. സമ്മാനങ്ങളൊന്നും തരുന്ന പതിവില്ല. ഒരിക്കൽ ബാഡ്മിന്റൺ കളിക്കിടെ വീടിനു മുകളിൽ വീണ ഷട്ടിൽ ആരെടുക്കുമെന്ന് ഞങ്ങൾ തർക്കിക്കുമ്പോൾ, ഞാനെടുക്കാമെന്നു പറഞ്ഞ് വലിയ വയറുമായി ജനലഴികളിൽ പിടിച്ച് വലിഞ്ഞുകയറി സ്പൈഡർമാനെപ്പോലെ ടെറസിലേക്ക് എത്തുന്ന അച്ഛനെ ഇന്നലെ കണ്ടതു പോലെ മനസിലുണ്ട്.
(ഡോ. സുധീന്ദ്രൻ എറണാകുളം അമൃത ആശുപത്രിയിൽ ഗാസ്ട്രോ ഇന്റസ്റ്റൈൻ സർജറി വിഭാഗം മേധാവിയാണ്. ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന അവയവമാറ്റ ശസ്ത്രക്രിയാ വിദഗ്ദ്ധൻ)