kuwait

കുവൈറ്റ് സിറ്റി: കേരളത്തെ ഞെട്ടിച്ച കുവൈറ്റ് തീപിടിത്ത അപകടത്തില്‍ മരിച്ചത് 21 ഇന്ത്യക്കാര്‍. ഇതില്‍ 11 പേര്‍ മലയാളികളാണ് എന്നാണ് വിവരം. 40 പേര്‍ മരിച്ച അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്.

ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്നായക്, മുരളീധരന്‍ പി.വി , വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചത്. 46 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവിച്ചതെന്ത്?

കുവൈറ്റിലെ തെക്കന്‍ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറ് മണിക്കാണ് അപകടമുണ്ടായത്. (ഇന്ത്യന്‍ സമയം രാവിലെ 8.30) കെട്ടിടത്തില്‍ താമസിച്ച നിരവധിപേരെ രക്ഷിച്ചെങ്കിലും നിരവധിപേര്‍ പുക ശ്വസിച്ച് മരിച്ചു.


കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് എംബസി അറിയിച്ചു. ഒരു എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എംബസി സ്ഥാപിച്ചിട്ടുണ്ട്: +965-65505246.

നടപടികള്‍ ഇങ്ങനെ

സംഭവത്തെ യഥാര്‍ത്ഥ ദുരന്തമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് വിശേഷിപ്പിച്ചു. സംഭവസ്ഥലത്ത് അഗ്‌നിശമനയും ഫോറന്‍സിക് ടീം ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ ആറ് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഉടമ, കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍, ഈ കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് ഉത്തരവിട്ടു.

ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേര്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തോതില്‍ തൊഴിലാളികള്‍ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനും നിര്‍ദേശം നല്‍കിയതായും ഷെയ്ഖ് ഫഹദ് അറിയിച്ചു.

സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്.