
മുതിർന്ന പൗരന്മാർക്ക് മികച്ച റിട്ടേൺ ലഭിക്കുന്ന നല്ല പദ്ധതികളുണ്ടെങ്കിൽ ആയുഷ്‌കാല സമ്പാദ്യം സുരക്ഷിതമായി വർദ്ധിപ്പിക്കാൻ സാധിക്കും. പോസ്‌റ്റ് ഓഫീസ് സ്‌കീം വഴി ഇത്തരത്തിൽ 60 വയസ് കഴിഞ്ഞവർക്ക് കിടിലനൊരു നിക്ഷേപ പദ്ധതിയുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം എന്ന പദ്ധതിയാണിത്. 1000 രൂപ മുതൽ 30 ലക്ഷം വരെ തുക ഈ സ്‌കീമിൽ നിക്ഷേപിക്കാം. മൂന്ന് മാസം കൂടുംതോറും പലിശവഴി വരുമാനം ലഭിക്കും.
അക്കൗണ്ട് തുടങ്ങുന്ന ദിവസം 60 വയസ് പൂർത്തിയായ ആൾക്കോ 55 വയസിന് മുകളിലും 60 വയസിന് ഇടയിലുമായി സൂപ്പർ ആനുവേഷൻ വഴി വിരമിച്ചവർക്കും ഈ പദ്ധതിയിൽ ചേരാം. 50 വയസിന് ശേഷം സൈന്യത്തിൽ നിന്നും വിരമിച്ചവർക്കും ഈ സ്‌കീമിൽ ഭാഗമാകാം. തനിയെയോ പങ്കാളിയോടൊപ്പമോ അക്കൗണ്ട് തുടങ്ങാം. അഞ്ച് വർഷത്തേക്കാണ് സ്‌കീം. എന്നാൽ അടിയന്തര ഘട്ടത്തിൽ നിക്ഷേപം ആരംഭിച്ച് ഒരുവർഷത്തിനകം പലിശയില്ലാതെ പണം പിൻവലിക്കാം. ഒരു വർഷത്തിന് ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വർഷം കഴിഞ്ഞാൽ ഒരുശതമാനം കിഴിവോടെയും തുക പിൻവലിക്കാം.
നിക്ഷേപകന് താൽപര്യമുണ്ടെങ്കിൽ മൂന്ന് വർഷം കൂടി സ്‌കീം തുടരാം. അത്യാവശ്യമെങ്കിൽ സ്‌കീം അവസാനിപ്പിക്കാൻ സാധിക്കും പക്ഷെ അതിന് മതിയായ കാരണം ഉണ്ടാകണം. 30 ലക്ഷം നിക്ഷേപിക്കുന്നവർക്ക് മൂന്നുമാസത്തിൽ 61,500 രൂപയാണ് പലിശവരുമാനമായി ലഭിക്കുക. നിക്ഷേപങ്ങൾ ആദായനികുതി കിഴിവിന്റെ പരിധിയിൽ വരുന്നതിനാൽ മുതിർന്ന പൗരന്മാർക്ക് എന്തുകൊണ്ടും യോജിച്ച സ്‌കീമാണിത്.