football

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാള്‍ മത്സരത്തില്‍ ലൈനിന് പുറത്തേക്കുപോയ പന്ത് പിടിച്ചെടുത്ത് ഖത്തര്‍ അടിച്ച ഗോള്‍ റഫറി അനുവദിച്ചതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ഫിഫയ്ക്കും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും പരാതി നല്‍കി. ദക്ഷിണ കൊറിയന്‍ റഫറി കിം വൂ സുംഗ് ആണ് വിവാദ ഗോള്‍ അനുവദിച്ചത്.

ദോഹയില്‍ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടില്‍ ലാലിയന്‍ സുവാല ചാംഗ്‌തെ നേടിയ ഗോളിന് മുന്നിലായിരുന്ന ഇന്ത്യയെ 73-ാം മിനിട്ടിലാണ് വിവാദ ഗോളിലൂടെ ഖത്തര്‍ സമനിലയില്‍ പിടിച്ചത്. ഖത്തറിന്റെ ഒരു മുന്നേറ്റം ഗോള്‍ പോസ്റ്റിന് വലതുവശത്ത് ഇന്ത്യന്‍ ക്യാപ്ടനും ഗോളിയുമായ ഗുര്‍വീന്ദര്‍ സന്ധുവിനെ കടന്ന് ലൈനിന് പുറത്തേക്ക് പോയി.

ഡൈവ് ചെയ്ത് പന്തിന് പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്ന സന്ധുവിന്റെ പിന്നിലേക്ക് കാല്‍നീട്ടി ഖത്തറിന്റെ അല്‍ ഹാഷിം അല്‍ ഹുസൈന്‍ പുറത്തുനിന്ന് വലിച്ചെടുത്ത് അകത്തേക്ക് നല്‍കിയ പന്ത് യൂസുഫ് അയ്മന്‍ വലയിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ റഫറി ഗോള്‍ വിധിക്കുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് തര്‍ക്കിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനിന്ന റഫറി വഴങ്ങിയില്ല. ഇതോടെ ആകെ തളര്‍ന്നുപോയ ഇന്ത്യയ്‌ക്കെതിരെ ഒരു ഗോള്‍കൂടി നേടി ഖത്തര്‍ 2-1ന് വിജയിക്കുകയായിരുന്നു. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ആദ്യമായി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെത്താനാകുമായിരുന്നു ഇന്ത്യക്ക്.