cricket

ന്യൂയോര്‍ക്ക്: 111 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ചാണ് യുഎസ്എ തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ വിരാട് കൊഹ്ലിയെ 0(1) ഗോള്‍ഡന്‍ ഡക്കാക്കി സൗരഭ് നേത്രാവല്‍ക്കര്‍ ഞെട്ടിച്ചു. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 3(6) കൂടി നേത്രാവല്‍ക്കറിന് മുന്നില്‍ വീണതോടെ ഇന്ത്യയുടെ സ്‌കോര്‍ 2.2 ഓവറില്‍ 10ന് രണ്ട്. എന്നാല്‍ പിന്നീട് വന്നവര്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഏഴ് വിക്കറ്റിനാണ് സഹ ആതിഥേയരായ യുഎസ്എയെ ഇന്ത്യ തോല്‍പ്പിച്ചത്.

സ്‌കോര്‍: യുഎസ്എ 110-8 (20), ഇന്ത്യ 111-3 (18.2)

മൂന്നാമനായി റിഷഭ് പന്ത് 18(20) പുറത്താകുമ്പോഴും ഇന്ത്യ അപകടനില തരണം ചെയ്തിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 7.3 ഓവറില്‍ വെറും 39 റണ്‍സ് മാത്രമായിരുന്നു. നാലാം വിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് 50*(49), ശിവം ദൂബെ 31*(35) സഖ്യം നേടിയ 72 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. യുഎസ്എക്ക് വേണ്ടി സൗരഭ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സില്‍ ഒതുങ്ങി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് ആണ് യുഎസ്എയെ പിടിച്ചുകെട്ടിയത്. ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം ദൂബെ ഒരു വിക്കറ്റ് വീഴ്ത്തി.ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരണ്‍ ജോണ്‍സിന്റെ നേതൃത്വത്തിലാണ് യുഎസ്എ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയത്. ഇരു ടീമുകളും രണ്ട് കളികള്‍ വീതം വിജയിച്ച് നില്‍ക്കുന്ന ഗ്രൂപ്പില്‍ ഇന്ന് വിജയിക്കുന്ന ടീം സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.

സ്റ്റീവന്‍ ടെയ്ലര്‍ 24(30), നിതീഷ് കുമാര്‍ 27(23) എന്നിവരാണ് യുഎസ്എ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ആരണ്‍ ജോണ്‍സ് 11(22) കൊറി ആന്‍ഡേഴ്സണ്‍ 15(12) ഹര്‍മീത് സിംഗ് 10(10) എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്‌കോര്‍. ഇന്നത്തെ മത്സരത്തില്‍ യുഎസ്എ പരാജയപ്പെട്ടതോടെ പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് മോഹങ്ങള്‍ നിലനില്‍ക്കും. അവസാന മത്സരത്തില്‍ യുഎസ്എ അയര്‍ലന്‍ഡിനോട് പരാജയപ്പെടുകയും പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ മികച്ച റണ്‍നിരക്കില്‍ പരാജയപ്പെടുത്തുകയും ചെയ്താല്‍ ബാബറിനും സംഘത്തിനും സൂപ്പര്‍ എട്ടിലേക്ക് മുന്നേറാം.