kerala

കോലഞ്ചേരി: ഏത്തപ്പഴത്തിന്റെ ഉപയോഗത്തില്‍ കുറവനുഭവപ്പെടുന്ന മഴക്കാലത്ത് വില ഉയര്‍ന്നെങ്കിലും വാഴകര്‍ഷകര്‍ക്ക് സങ്കടക്കണ്ണീര്‍. ആവശ്യത്തിന് വിളവില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ വാഴകൃഷിക്ക് നാശം നേരിട്ടതോടെ വിപണിയില്‍ നാടന്‍ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്. കടുത്ത വരള്‍ച്ചയില്‍ വ്യാപകമായി വാഴ കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെയെത്തിയ വേനല്‍ മഴയും കാറ്റും അവശേഷിച്ച വാഴയും പിഴുതെടുത്തു.

ഇന്നലെ തിരുവാണിയൂരിലെ കര്‍ഷക വിപണിയില്‍ 60മുതല്‍ 70 രൂപ നിരക്കിലാണ് മൊത്ത വ്യാപാരികള്‍ ഏത്തക്കായ ലേലം കൊണ്ടത്. കടകളിലെത്തുമ്പോള്‍ പച്ചക്കായ 80മുതല്‍ 90 വരെ നിരക്കിലെത്തും. ഇതോടൊപ്പം വിലയില്‍ തീരെ താഴ്ന്നു കിടന്ന പൂവന്‍ പഴത്തിനും വിലയായി. ചില്ലറ വില കിലോ 80 നാണ് വില്പന. ചില്ലറ വിപണിയില്‍ ഏത്തപ്പഴം 100, ഞാലിപ്പൂവന്‍ 80, പാളയംകോടന്‍ 40 രൂപ വരെ വിലയുണ്ട്. നാടന് ക്ഷാമം നേരിട്ടതോടെ മറുനാടന്റെയും വില ഉയര്‍ന്ന് കിലോ 70 രൂപ വരെ എത്തി. വരവും കൂടിയിട്ടുണ്ട്.

ഇപ്പോള്‍ തുടരുന്ന ശക്തമായ മഴയും കാറ്റും ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥയെ പ്രതിരോധിച്ചും കൃഷി മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കടം വാങ്ങിയാണ് മിക്കവരും കൃഷി ഇറക്കുന്നത്. വിള നശിക്കുകയും വില ഇടിയുകയും ചെലവ് കൂടുകയും ചെയ്തതോടെ പലരും കടക്കെണിയിലായാണ് . നശിച്ച വിളകളുടെ നഷ്ടപരിഹാരം ഇതുവരെയും കൃഷി വകുപ്പ് ഇവര്‍ക്ക് നല്‍കാത്തതും കര്‍ഷകരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയാണ്.

സ്വാശ്രയ കര്‍ഷക വിപണികളില്‍ 1000 മുതല്‍ 2000 കിലോ വരെ നാടന്‍ വാഴക്കുല കര്‍ഷകര്‍ എത്തിക്കുമായിരുന്നു. ഇപ്പോള്‍ വിപണി 1000 കിലോയില്‍ താഴെയാണ് എത്തുന്നത്. - ജോഷി വണ്ടിപേട്ട, കര്‍ഷകന്‍, മുന്‍ സെക്രട്ടറി തിരുവാണിയൂര്‍ കര്‍ഷക വിപണി.

ഏത്തവാഴ ഒന്നിന് 250 മുതല്‍ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാല്‍ വില ഉയരുമ്പോള്‍ വിളവില്ലാത്ത അവസ്ഥ വലിയ കട ബാദ്ധ്യതയാണുണ്ടാക്കുന്നത്.- മാത്തുക്കുട്ടി, കര്‍ഷകന്‍, മഴുവന്നൂര്‍

വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില ഇരട്ടിച്ചു. പണിക്കൂലിയും കൂടിയിട്ടുണ്ട്. വാഴക്കൃഷിയില്‍നിന്ന് മുടക്കുമുതല്‍ പോലും കിട്ടുന്നില്ല. - പി. ബിജുകുമാര്‍, യുവ കര്‍ഷകന്‍, കോലഞ്ചേരി