
കൊല്ലം:കരയിലും തീരമേഖലയിലും അനുബന്ധസേവനങ്ങൾക്ക് കരാറായിക്കഴിഞ്ഞാൽ കൊല്ലം സമുദ്രമേഖലയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ധന പര്യവേക്ഷണം ആരംഭിക്കും.
പര്യവേക്ഷണത്തിനുള്ള കൂറ്റൻ കിണർ നിർമ്മാണത്തിന് യു.കെയിലെ പ്രമുഖ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗുമായി ഓയിൽ ഇന്ത്യ1252 കോടിയുടെ കരാർ കഴിഞ്ഞ മാർച്ചിൽ ഒപ്പിട്ടിരുന്നു.
പര്യവേക്ഷണ മേഖലയിൽ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകലം പാലിക്കാൻ ചെറുകപ്പലുകളുടെ റോന്തുചുറ്റൽ, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം എന്നിവയ്ക്കുള്ള തീരസേവന കരാറാണ്ഇനിയുള്ള നടപടി.കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ് ഇവ ചെയ്യേണ്ടത്.
കൊല്ലത്തിന് പുറമേ ആന്ധ്രയിലെ അമലാപുരം, കൊങ്കൺ തീരം എന്നിവിടങ്ങളിലെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശം ഓയിൽ ഇന്ത്യയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഖനനത്തിന് കൈമാറിയിരുന്നു.മൂന്നിടത്തെയും ഡ്രില്ലിങ്ങിനാണ് ബ്രിട്ടീഷ് കമ്പനിയുമായി കരാർവച്ചത്.
2020ൽ കൊല്ലം തീരക്കടലിൽ ഓയിൽ ഇന്ത്യനടത്തിയ പരീക്ഷണ പര്യവേക്ഷണത്തിൽ ഇന്ധന സാദ്ധ്യത കണ്ടെത്തിയിരുന്നു. ദ്രാവക ഇന്ധനങ്ങൾക്ക് പുറമേ വാതക സാദ്ധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.
തീരത്ത് നിന്ന് 26 നോട്ടിക്കൽ മെൈൽ അകലെ ജലനിരപ്പിൽ നിന്ന് 80 മീറ്റർ താഴ്ചയിൽ അടിത്തട്ടുള്ള ഭാഗത്താണ് പര്യവേക്ഷണം. ഏകദേശം 6000 മീറ്റർ വരെ ആഴത്തിൽ കുഴിക്കും.ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണർ നിർമ്മാണം. കിണറുകളിൽ കൂറ്റൻ പൈപ്പ് ലൈനുകൾ ഇറക്കിയാണ് പരിശോധന.