
"നമ്മുടെ ഭരണഘടന, നൽകുന്ന മുഖ്യ സന്ദേശം, ഒരുമയുടെയും സൗഹാർദ്ദത്തിന്റെയും മഹത്തായ സന്ദേശമാണ്. ഭാരതത്തിലെ പൗരന്മാരായ നമുക്ക്, രാജ്യത്തിനായി ഒരുമയോടെ, ഒന്നായി നില കൊള്ളാനും, കോടാനുകോടി സഹോദരങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും, അവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു പോകാതെ കാവലാളാകാനുമുള്ള ഉത്തരവാദിത്തവും ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് കൂടി നാം ഓർക്കണം. പ്രധാനപ്പെട്ടതും, ഗൗരവമുള്ളതുമായ വിഷയം, സദസ്യരുടെ ചിന്തക്കു വിഷയമാക്കുന്ന യജ്ഞത്തിലാണ് താൻ എന്നു തോന്നിപ്പിക്കുന്ന മുഖഭാവത്തോടെയാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. പ്രഭാഷകനിൽ, സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായൊരു മുഖമായതിനാൽ, സദസ്യരിൽ സാധാരണ ഉണ്ടാകുന്ന പുഞ്ചിരി, മുഖവുര കേട്ടിട്ടും, സദസ്യരിൽ വിടർന്നില്ല! ഇതു മനസിലാക്കിയെന്ന പോലെ പ്രഭാഷകൻ തുടർന്നു: "നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, നമ്മുടെ ആഘോഷങ്ങളെല്ലാം ശാപ്പാട് മുൻനിർത്തിയുള്ളവയാണ്. അത്, ഓണമായാലും, പെരുന്നാളായാലും വ്യത്യാസമില്ല! പിന്നെ, വ്യത്യാസമായി ചൂണ്ടിക്കാട്ടാവുന്ന കാര്യം, പരമ്പരാഗതമായി ഓണം സസ്യാഹാരം വിളമ്പുന്ന ആഘോഷമാണെങ്കിൽ, പെരുന്നാളുകൾ സസ്യാഹാരത്തിന് പ്രസക്തിയില്ലാത്ത ആഘോഷങ്ങളാണ് എന്നല്ലേ പറയാൻ കഴിയൂ! അതുകൊണ്ടല്ലേ, പെരുന്നാളേതു വന്നാലും, കഷ്ടകാലം പാവപ്പെട്ട കോഴികൾക്കും, കന്നുകാലികൾക്കും എന്നുപറയുന്നത്".
പ്രഭാഷകന്റെ നർമ്മം കേട്ട്, സദസിൽ അതുവരെ നിറഞ്ഞുനിന്നിരുന്ന പിരിമുറുക്കം മിന്നൽ വേഗത്തിൽ ഓടിമറഞ്ഞു! സദസിൽ സംജാതമായ നവോന്മേഷത്തിന്റെ ഊഷ്മളത മുഴുവനും ഉൾക്കൊണ്ടപോലെ, പ്രഭാഷകൻ തുടർന്നു: "നമ്മുടെ ഓരോ മതവിഭാഗങ്ങളുടെ വിശേഷ ദിവസങ്ങളിലൊക്കെ 'അന്നവിചാരം, മുന്നവിചാര'മെന്ന സിദ്ധാന്തം മുന്നിട്ടു നിൽക്കുന്നതെന്നു പറഞ്ഞത് തമാശയായിട്ടാണെങ്കിലും, നമ്മുടെ മതാചാരങ്ങളിൽ തികച്ചും വ്യത്യസ്തതമാണ് 'ബലിപെരുന്നാൾ 'എന്ന 'ബക്രീദ് 'മുസ്ലിം വിശുദ്ധദിനം. ഒരു പിതാവ് ജീവനുതുല്യം സ്നേഹിക്കുന്ന മൂത്ത പുത്രനെ ബലിയർപ്പിക്കണമെന്ന് ദെെവകല്‌പ്പനയുണ്ടാകുന്നു. ദൈവകല്‌പ്പന ശിരസാവഹിച്ചുകൊണ്ട്, പ്രവാചകൻ ഇബ്രാഹിം നബിയെന്ന ത്യാഗസമ്പന്നനായ പിതാവ്, തന്റെ ആദ്യ പുത്രൻ ഇസ്മാഈലിനെ ബലിയറുക്കാൻ തീരുമാനിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, ഇസ്മാഈലിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ബലിക്കല്ല് തയാറാക്കിയത് എന്നതാണ്! എന്നാൽ, അത് ദൈവത്തിന്റെ പരീക്ഷണമായിരുന്നു. അങ്ങനെ, ത്യാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിൽ അദ്ദേഹം അജ്ജയ്യനാണ് എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുത്രനു പകരം മൃഗത്തെ ബലിയർപ്പിക്കാൻ ദൈവനിർദ്ദേശം ഉണ്ടായെന്നും, അപ്രകാരം നടന്ന ബലിയർപ്പണത്തിന്റെ അനുസ്മരണമാണ് ഈ പുണ്യദിനമെന്നാണ് വിശ്വാസമെങ്കിലും, ഇതിന്റെ സന്ദേശം മഹത്തരമാണ്! ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ പുത്രനെ ദൈവത്തിനു നൽകുക എന്നതിനോളം വലിയ ത്യാഗം മറ്റെന്താണ് എന്നതാണ് ബലിപ്പെരുന്നാൾ നമ്മോടു ചോദിക്കുന്ന ചോദ്യം. ഇവിടെയാണ്, ത്യാഗം, ദാനം എന്നതിന്റെ പരിധിയിൽ നമുക്കു വേണ്ടാത്തവ മറ്റുള്ളവർക്കു കൊടുക്കുന്ന കർമ്മം വരുമോയെന്ന ചിന്തയുടെ പ്രസക്തി! അത്തരം കർമ്മങ്ങൾ നമുക്ക് വേണ്ടാത്തവ ഒഴിവാക്കുന്ന പ്രവർത്തികൾ മാത്രമല്ലേ? അപ്രകാരം ചെയ്യുന്നവർ എങ്ങനെയാണ് മഹാന്മാരാകുന്നത്? മദർ തെരേസ നമുക്കു നൽകിയ മഹത്തായ സന്ദേശവും ഇതുതന്നെയല്ലേ! നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയെ ത്യജിക്കുന്ന മനസിലെ ആത്മത്യാഗമുള്ളു! ഇതാണ്, ജാതിമത ഭേദമില്ലാതെ 'ബലിപെരുന്നാൾ' നൽകുന്ന സന്ദേശം."സശ്രദ്ധമായി തന്നെ ശ്രവിച്ച സദസ്യരെ നോക്കി പ്രഭാഷകൻ പുഞ്ചിരിയോടെ പറഞ്ഞു നിറുത്തി.