
ഈച്ച ശല്യം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. വീടിന്റെ അടുക്കളയിലും ഡൈനിംഗ് ടേബിളിലും ഭക്ഷണത്തിലുമെല്ലാം ഇവ എത്തുന്നു. രോഗവാഹകരായ ഇവ കോളറ, ടൈഫോയ്‌ഡ് അടക്കം നിരവധി രോഗങ്ങൾ പരത്തുന്നു. അതിനാൽത്തന്നെ ഈച്ചകളെ വീട്ടിൽ നിന്ന് തുരത്തേണ്ടത് വളരെ അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് ഈച്ച വീട്ടിൽ വരുന്നത് എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. വൃത്തിയില്ലായ്‌മ തന്നെയാണ് പ്രധാന കാരണം. ഭക്ഷണാവശിഷ്ടങ്ങൾ അടുക്കളയിലും മേശയിലുമൊക്കെ കിടക്കുന്നതും ഈച്ച വരാനുള്ള മറ്റൊരു കാരണമാണ്.
വീട് വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് ഈച്ചയെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. തറയൊക്കെ തുടക്കുമ്പോൾ കുറച്ച് ഡെറ്റോളോ, ഫിനോയിലോ ഉപയോഗിക്കുക. വയനയില ഉപയോഗിച്ചും ഈച്ചയെ തുരത്താം. ഈച്ചയെ കൂടുതലായി കാണുന്നയിടങ്ങളിൽ വയനയില മുറിച്ചിട്ടുകൊടുക്കുക. ഇതിന്റെ മണം പാറ്റയ്‌ക്കും ഇഷ്ടമില്ല.
പനിക്കൂർക്കയും വയനയില ചെയ്തതുപോലെ ചെയ്യാം. ഈച്ചയുള്ളയിടങ്ങളിൽ അത് മുറിച്ചിട്ടുകൊടുത്താൽ മതി. കർപ്പൂരവും കുന്തിരിക്കവുമൊക്കെ ഉപയോഗിച്ചും ഈച്ചയെ തുരത്താം. ഇവയിലേതെങ്കിലുമൊന്ന് പുകയ്ക്കുക. ഇത് ഈച്ചയ്ക്ക് അസ്വസ്ഥതയുണ്ടാക്കും.
ഓറഞ്ച് തൊലി ഉപയോഗിച്ചും ഈച്ചയെ തുരത്താം. ഇതിന്റെ മുകളിൽ ഗ്രാമ്പു കുത്തിവച്ച ശേഷം ഈച്ചയുള്ളയിടങ്ങളിൽ കൊണ്ടുവച്ചാൽ മതി. തുളസിയിലയും ഈച്ചയെ തുരത്താൻ ഉത്തമമാണ്. ഇത് ചെറുതായി ചതച്ച് ഇവയുടെ ശല്യമുള്ളയിടങ്ങളിൽ കൊണ്ടുവച്ചാൽ മതി. ഈച്ചകൾ വീടിനുള്ളിൽ നിന്ന് അപ്രത്യക്ഷമാകും.