അടുക്കളയിൽ ആഹാരം ഉണ്ടാക്കാൻ വളരെയധികം സമയം ആവശ്യമാണ്. പ്രത്യേകിച്ച് അതിനുവേണ്ടി ഉള്ളി, വെളുത്തുള്ളി പോലുള്ള സാധനങ്ങളുടെ തൊലി കളയാൻ. എന്നാൽ, ഈ ജോലി മാത്രമല്ല, അടുക്കളയിലെ പല ജോലികളും വെറും സെക്കൻഡുകൾകൊണ്ട് ചെയ്ത് തീർക്കാം, അതിന് സഹായിക്കുന്ന ടിപ്സ് പരിചയപ്പെടാം.
ആദ്യം വെളുത്തുള്ളിയെ ഓരോ അല്ലികളാക്കി വേർതിരിച്ച് ഫ്രിഡ്ജിൽ 15 മിനിട്ട് വയ്ക്കുക. തണുക്കുമ്പോൾ ഇതിനെ ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി അതിന് മുകളിൽ അരിപ്പയുടെ കട്ടിയുള്ള ഭാഗം വച്ച് ചെറുതായി തല്ലുക. ശേഷം കവർ തുറന്ന് നോക്കുമ്പോൾ വെളുത്തുള്ളി തൊലി കളഞ്ഞ് ലഭിക്കുന്നതാണ്. കിലോക്കണക്കിന് വെളുത്തുള്ളി ആയാൽ പോലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഉള്ളിത്തൊലിയും ഇതേ രീതിയിൽ കളയാവുന്നതാണ്.
മുട്ട പുഴുങ്ങുമ്പോൾ അൽപ്പം ഉപ്പ് കൂടിയിട്ടാൽ വളരെ എളുപ്പത്തിൽ അതിന്റെ തോട് പൊളിച്ചെടുക്കാൻ കഴിയുന്നതാണ്.
വെളുത്തുള്ളി അല്ലിയാക്കിയ ശേഷം അൽപ്പം വെളിച്ചെണ്ണ പുറത്ത് പുരട്ടിക്കൊടുത്ത് പത്ത് മിനിട്ട് വെയിലത്ത് വച്ചാൽ എളുപ്പത്തിൽ തൊലി അടർന്ന് കിട്ടും.
സവാള വഴറ്റുമ്പോൾ അൽപ്പം ഉപ്പ് കൂടി ചേർത്താൽ പെട്ടെന്ന് വെന്തുകിട്ടും.
സവാള അരിയുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ അടച്ച് 15 മിനിട്ട് ഫ്രീസറിൽ വച്ചശേഷം എടുക്കുക. അപ്പോൾ കണ്ണീർ വരില്ല.
മീൻ വൃത്തിയാക്കിയ ശേഷവും ഉണ്ടാകുന്ന മണം മാറാൻ അതിലേക്ക് കുറച്ച് വിനാഗിരിയും ഉപ്പും പുരട്ടി വച്ചശേഷം നന്നായി കഴുകിയെടുത്താൽ മതി.
കട്ടിയുള്ള കായം മുറിച്ചെടുക്കാനായി ഒരു പാത്രത്തിൽ എണ്ണ പുരട്ടി അതിന് മുകളിൽ കായം വച്ച് ആവിയിൽ അഞ്ച് മിനിട്ട് ചൂടാക്കുക. എളുപ്പത്തിൽ മുറിക്കാൻ സാധിക്കുന്നതാണ്.