temple

വടക്കാഞ്ചേരി : ബാലസുബ്രഹ്മണ്യ സ്വാമിയുടെ വാഹനമാണ് മയിലെന്നാണ് ഐതിഹ്യം. വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂർ കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടുമെത്തുന്ന ആൺമയിലിന് അക്കാര്യമൊന്നുമറിയില്ല. പക്ഷേ ക്ഷേത്ര പൂജാരി കാഞ്ഞിരക്കോട് കുറുപ്പത്ത് വീട്ടിൽ മനോജിനെ (35) തേടി ആൺമയിൽ രാവിലെയും വൈകിട്ടുമെത്തും. രാവിലെ ഏഴോടെ മയിലെത്തുമ്പോൾ രാവിലെ ആറിന് നിർമ്മാല്യദർശനവും കഴിച്ച് അഭിഷേകത്തിനുള്ള തിരക്കിലാകും മനോജ്.

ദർശനത്തിന് ആളില്ലെങ്കിൽ ക്ഷേത്രത്തിന് ചുറ്റിപ്പറ്റി നടക്കും. ആരെയെങ്കിലും കണ്ടാൽ പിന്നെ തൊട്ടടുത്തുള്ള മരത്തിൽ നിന്നിറങ്ങാതെ ചിറകടിച്ചും മറ്റും സാന്നിദ്ധ്യമറിയിക്കും. മനോജ് ഉഷ:പൂജയും കഴിച്ച് നിവേദ്യവുമായി ഇറങ്ങിയാൽ ഒരു പങ്ക് അവനുള്ളതാണ്. അതവനും അറിയാം. അതിനായാണ് ഈ കാത്തിരിപ്പ്. അവിൽ, മലര്, പഴം തുടങ്ങി വിഭവങ്ങളാണ് അവനേറെ ഇഷ്ടം. വൈകിട്ട് അഞ്ചരയാകുമ്പോഴാകും പിന്നീടെത്തുക. അപ്പോൾ നടതുറപ്പും ദീപാരാധനയുമെല്ലാമായി തിരക്കിലാകും പൂജാരി.

ആറരയോടെ ചടങ്ങുകൾ തീർത്തിറങ്ങുമ്പോൾ മനോജിനൊപ്പം കൂട്ടുകൂടാൻ അവനിറങ്ങും. മൂന്ന് വർഷമായിട്ടേയുള്ളൂ ഈ ചങ്ങാത്തം തുടങ്ങിയിട്ട്.

കുണ്ടന്നൂർ സ്വദേശി ശങ്കരനായിരുന്നു ക്ഷേത്രത്തിലെ മുൻ പൂജാരി. അദ്ദേഹത്തിന്റെ മരണശേഷം മൂന്ന് വർഷം മുമ്പാണ് മനോജെത്തിയത്. മനോജല്ലാതെ ആരടുത്ത് ചെന്നാലും പറന്നുയരും. ക്ഷേത്രസമുച്ചയത്തിലെ മരക്കൊമ്പിലാകും പിന്നെ ഇരിപ്പ്. ഈ സൗഹൃദം പൂജാരിക്ക് പകരുന്ന മാനസിക ഉല്ലാസവും ചെറുതല്ല.ഈ ക്ഷേത്രത്തിനുമുണ്ട് ഏറെ പ്രത്യേകത. ജനവാസ മേഖലയിൽ നിന്ന് 200 അടി ഉയരത്തിലാണ് ക്ഷേത്രം. ശ്രീചക്ര പ്രതിഷ്ഠയ്ക്ക് മുകളിൽ ദണ്ഡായുധപാണി രൂപത്തിലാണ് ഭഗവാൻ. കാടിറങ്ങുന്ന പക്ഷിമൃഗാദികളുടെ വിശേഷങ്ങൾ നാടെങ്ങുമുണ്ടെങ്കിലും ശിവകുമാരഗിരിയിലെ ഈ സൗഹൃദം നാട്ടാർക്കും ഹൃദ്യം.