
കോലഞ്ചേരി: തൃക്കളത്തൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നടക്കേണ്ട വൻ മോഷണം തടയുകയും ഓടി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്ത കുന്നത്തുനാട് പൊലീസിന് നാട്ടുകാരുടെ ബിഗ് സല്യൂട്ട്. നൈറ്റ് പെട്രോൾ ടീമിന്റെ സമയോചിത ഇടപെടലിലാണ് മോഷണം തടഞ്ഞത്. ഒപ്പം പൊലീസ് ടീം ഉണർന്ന് പ്രവർത്തിച്ചപ്പോൾ പ്രതികളും വലയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയ പൊലീസിന് അഭിനന്ദന പ്രവാഹങ്ങളാണ് നവ മാദ്ധ്യമങ്ങൾ വഴി ലഭിക്കുന്നത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ശക്തമായ മഴക്കിടയിലാണ് നൈറ്റ് പെട്രോൾ സംഘം തൃക്കളത്തൂർ ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നത്. പടിഞ്ഞാറെ നടക്കൽ ഭാഗത്ത് ഒറ്റ നോട്ടത്തിൽ കാണാൻ സാധിക്കാത്ത വിധത്തിൽ ഒരു ഓട്ടോ ആളില്ലാതെ പാർക്ക് ചെയ്തിരിക്കുന്നത് പാെലീസ് ശ്രദ്ധിച്ചു. ഇതോടെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ ക്ഷേത്ര കൗണ്ടറും സ്‌ട്രോംഗ് റൂമും തകർത്ത് മോഷണത്തിന് ഒരുങ്ങുന്ന മോഷ്ടാക്കളെ കണ്ടെത്തി. പൊലീസിനെ കണ്ടതോടെ മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെട്ടു. നൈറ്റ് പെട്രോൾ സംഘം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവം അറിഞ്ഞതോടെ പൊലീസ് ഇൻസ്‌പെക്ടർ വി.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും സ്ഥലത്തെത്തി ക്ഷേത്ര പരിസരമടക്കം അരിച്ചുപെറുക്കിയെങ്കിലും മോഷ്ടാക്കളെ കിട്ടിയില്ല. ഓട്ടോ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. ഓട്ടോ ഉടമയിൽ നിന്നും ക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് പിടികൂടി. ചൂരമുടി കൊമ്പനാട് കൊട്ടിശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനട ശർമ (29) എന്നിവരെയാണ് പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കുറിച്ചിലക്കോട് നിന്ന് പിടികൂടിയത്. ആൽബിൻ 11കേസുകളിൽ പ്രതിയും കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്.
അന്വേഷണ സംഘം
എ.എസ്.പി മോഹിത് റാവത്ത് ഇൻസ്പെക്ടർ വി.പി. സുധീഷ് എസ്.ഐ കെ.ആർ. അജീഷ് എസ്.ഐ എ.കെ. രാജു എസ്.ഐ കെ.വി. നിസാർ എ.എസ്.ഐ എം.ജി. സജീവ് സീനിയർ സി.പി.ഒ വർഗീസ് ടി. വേണാട്ട് സി.പി.ഒ മിഥുൻ മോഹൻ സി.പി.ഒ അഭിലാഷ് കുമാർ