sunnyleone

തിരുവനന്തപുരം : കോളേജിൽ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി യൂണിയൻ. വാർഷികാഘോഷ പരിപാടിക്ക് സർവകലാശാല നേരത്തെ അനുമതി തന്നിരുന്നുവെന്ന്‌ യൂണിയൻ ചെയർമാൻ ടി അജ്മൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സണ്ണി ലിയോണിയാണ് അധികൃതരുടെ പ്രശ്‌നം. പരിപാടി നടന്നില്ലെങ്കിൽ യൂണിയന് ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് ഉണ്ടാകുക. എങ്ങനെയും പരിപാടി നടത്താനാണ് ശ്രമിക്കുന്നതെന്ന് അജ്മൽ വ്യക്തമാക്കി.

കേരള സർ‌വകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ജൂലായ് അഞ്ചിന്‌ പരിപാടി നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പരിപാടി തടഞ്ഞു കൊണ്ടുള്ള നിർദ്ദേശം വൈസ് ചാൻസലർ രജിസ്ട്രാർക്ക് നൽകിയിരുന്നു.

പുറമേ നിന്നുള്ള ഡി.ജെ. പാർട്ടികൾ,​ സംഗീത നിശ തുടങ്ങിയവ ക്യാമ്പസിൽ നടത്തുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവ് നിലനിൽക്കവെയാണ് സർവകലാശാലയുടെ അനുമതിയില്ലാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ സംഘാടകർ തീരുമാനിച്ചതെന്നാണ് അധികൃതർ പറയുന്നത്.

ഒരു കാരണവശാലും ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് വി സി അറിയിച്ചിരിക്കുന്നത്. നീലചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സണ്ണി ലിയോണി പിന്നീട് മലയാളം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.