sreenath-bhasi

സ്റ്റേജ് ഷോഷിൽ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച് നടനും ഗായകനുമായ ശ്രീനാഥ് ഭാസി. ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ 'ജാഡ' അവതരിപ്പിക്കുന്നതിനിടെയാണ് താരം തെറിയഭിഷേകം നടത്തിയത്. സുശിൻ ശ്യാം സംഗീതം നിർവഹിച്ച ജാഡ എന്ന പാട്ട് സിനിമയിൽ പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.

പാടുന്നതിനിടെ തെറി വിളിക്കുകയും അശ്ളീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പാട്ടിനിടെ തെറി വിളിക്കുമ്പോൾ കാണികളിൽ ചിലർ കയ്യടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ എവിടെയാണ് പരിപാടി അവതരിപ്പിച്ചതെന്നോ എന്നാണെന്നോ വ്യക്തമല്ല.

ശ്രീനാഥ് ഭാസിയുടെ സ്റ്റേജിലെ തെറിവിളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ നിറയുന്നുണ്ട്. എന്നാൽ സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

രോമാഞ്ചത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാംഗ്ലൂരിലെ അധോലോക നായകൻ രംഗൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. കോളേജ് പിള്ളേരും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിൽ മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സറ്റർ, മിഥുൻ ജെ.എസ്, മിഥുൻ സുരേഷ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അൻവർ റഷീദ് എന്റർടെയ്‌ൻമെൻസിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം.

View this post on Instagram

A post shared by troll_ammavans (@troll_ammavans)