alapuzha

ആലപ്പുഴ: നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് ഉയരപ്പാതയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. ബലപരിശോധനയ്ക്കിടെ ബുധനാഴ്ച വൈകുന്നേരമാണ് വെസ്റ്റ് വില്ലേജ് ഓഫീസിന് സമീപം നിര്‍മാണത്തിലുള്ള ഗര്‍ഡറില്‍ പൊട്ടിത്തെറിയുണ്ടായത്. 68ാം നമ്പര്‍ തൂണിന് സമീപമുണ്ടായ അപകടത്തില്‍ കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ സമീപത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് പരിസരത്തേക്കും പ്രദേശത്തെ ചില വീടുകളിലേക്കും തെറിച്ച് വീണത് പരിഭ്രാന്തി സൃഷ്ടിച്ചു.

പിന്നീട് പൊട്ടിത്തെറിയുണ്ടായ പ്രദേശത്ത് നിന്ന് കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം ഗര്‍ഡര്‍ മൂടിയിട്ട നിലയിലാണ്. നിര്‍മാണം കഴിഞ്ഞ് 20 ദിവസംപിന്നിടുമ്പോഴാണ് ഗര്‍ഡറുകളില്‍ 'സ്‌ട്രെസിങ്' എന്ന ബല പരിശോധന നടത്തുന്നത്. ഗര്‍ഡറിന്റെ ഉള്ളിലേക്ക് പൈപ്പുകള്‍ കയറ്റി പ്രഷര്‍ ചെയ്ത് വലിക്കുന്നതാണു പരിശോധന രീതി. ഈ രീതിയിലുള്ള പരിശോധന നടക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കോണ്‍ക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

പുതിയ ബൈപാസിന് ആകെ 350 ഗര്‍ഡറുകളാണുള്ളത്. പ്രയാസമേറിയ ജോലി ആയതിനാല്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ സമയം ആവശ്യമുള്ള ഘട്ടമാണ്. വിവിധ ഭാഗങ്ങളില്‍ തൂണുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ലൈനിന് മുകളിലൂടെ നിര്‍മാണം നടത്താന്‍ റെയില്‍വേയുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് ഇവിടെ നിര്‍മാണം വൈകാനുള്ള കാരണം.

ഗര്‍ഡറുകള്‍ സ്ഥാപിച്ച ശേഷം റൂഫ് സ്ലാബ് നിര്‍മാണമാണ് അടുത്ത ഘട്ടം. ബൈപാസ് മേല്‍പ്പാലത്തില്‍ നിലവില്‍ 12 മീറ്റര്‍ വീതിയിലുള്ള രണ്ടുവരിപ്പാതയാണ് ഉള്ളത്. 14 മീറ്റര്‍ വീതിയില്‍ മൂന്നു വരി പാത കൂടി സമാന്തരമായി വരുന്നതോടെ ആകെ അഞ്ചുവരിപ്പാതയാകും. 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം.