
കിംഗ്‌സ്ടൗണ്‍: ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് വിജയം. 160 റണ്‍സ് പിന്തുടര്‍ന്ന ഡച്ച് ടീമിനെ 25 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ 111ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്ന നെതര്‍ലാന്‍ഡ്‌സിനെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ബംഗ്ലാദേശ് പിടിച്ച് നിര്‍ത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹുസൈന്‍, നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
സ്‌കോര്‍: ബംഗ്ലാദേശ് 159-5 (20), നെതര്‍ലാന്‍ഡ്‌സ് 134-8 (20)
160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലാന്‍ഡ്‌സ് വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ മൈക്കിള്‍ ലെവിറ്റ് 18(16), മാക്‌സ് ഒഡൗഡ് 12(16) എന്നിവര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 5.4 ഓവറില്‍ 2ന് 32 എന്ന നിലയിലായിരുന്നു അവര്‍. മൂന്നാം വിക്കറ്റില്‍ വിക്രംജീത് സിംഗ് 26(16), സൈബ്രാന്‍ഡ് എയ്ംഗല്‍ബ്രെറ്റ് 33(22) എന്നിവര്‍ ചേസ് മുന്നോട്ട് നയിച്ചു. 10ാം ഓവറില്‍ വിക്രംജീത് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് 25(23) എയ്ംഗല്‍ബ്രെറ്റിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചു.
ടീം സ്‌കോര്‍ 14.4 ഓവറില്‍ 111 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ എയ്ംഗല്‍ബ്രെറ്റ് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി. അതേ ഓവറില്‍ ബാസ് ഡി ലീഡയും 0(2) പുറത്തായി. ആറ് റണ്‍സ് കൂടി ടീം ടോട്ടലിനൊപ്പം ചേര്‍ത്തപ്പോള്‍ പിന്നെയും രണ്ട് വിക്കറ്റുകള്‍ കൂടി സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് ലോഗന്‍ വാന്‍ ബീക്ക് 2(3) എന്നിവരുടെ രൂപത്തില്‍ നെതര്‍ലാന്‍ഡ്‌സിന് നഷ്ടമായി. പിന്നീട് എല്ലാം ഒരു ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. ടിം പ്രിംഗിള്‍ 1(10) അവസാന പന്തില്‍ പുറത്തായപ്പോള്‍ ആര്യന്‍ ദത്ത് 15*(12) പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഷക്കീബ് അല്‍ ഹസന്‍ പുറത്താകാതെ നേടിയ അര്‍ദ്ധ സെഞ്ച്വറി 64*(46)യുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഓപ്പണര്‍ തന്‍സീദ് ഹസന്‍ 35(26), മഹ്മദുള്ള റിയാദ് 25(21) എന്നിവരും ഷക്കീബിന് നല്ല പിന്തുണ നല്‍കി.
ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 1(3), വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് 1(2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. തൗഹിദ് ഹൃദോയ് 9(15) റണ്‍സ് നേടിയപ്പോള്‍ ജേക്കര്‍ അലി 14*(7) റണ്‍സ് നേടി പുറത്താകാതെ നിന്നു. നെതര്‍ലാന്‍ഡ്സിന് വേണ്ടി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീക്കിരന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ടിം പ്രിംഗിള്‍ ഒരു വിക്കറ്റും വീഴ്ത്തി.