
നെതർലാൻഡ്സിനെ 25 റൺസിന് തോൽപ്പിച്ചു
ജമൈക്ക : ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ നെതർലാൻഡ്സിനെ 25 റൺസിന് തോൽപ്പിച്ച് ബംഗ്ളാദേശ് സൂപ്പർ എട്ടിലേക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു.
ജമൈക്കയിലെ കിംഗ്സ്ടൗണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 159/5 എന്ന സ്കോർ ഉയർത്തിയ ബംഗ്ളാദേശ് നെതർലാൻഡ്സിനെ 20 ഓവറിൽ 134/8ൽ ഒതുക്കിയാണ് വിജയം ആഘോഷിച്ചത്. കഴുത്തിന് പരിക്കേറ്റിരുന്നിട്ടും കളിക്കാനിറങ്ങി അർദ്ധസെഞ്ച്വറി നേടിയ നായകൻ ഷാക്കിബ് ഉൽ ഹസനും (46 പന്തുകളിൽ 64 റൺസ് ), 35 റൺസ് നേടിയ തൻസീദ് ഹസനും 25 റൺസ് നേടിയ മഹ്മൂദുള്ളയും ചേർന്നാണ് ബംഗ്ളാദേശിന് മികച്ച സ്കോർ നൽകിയത്.
നെതർലാൻഡ്സിനായി ഏൻഗൽബ്രെറ്റ് (33), വിക്രം ജിത്ത് (26), ക്യാപ്ടൻ സ്കോട്ട് എഡ്വാഡ്സ് (25)എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയം നേടാനായില്ല.
ബംഗ്ളാദേശിനായി റിഷാദ് ഹൊസൈൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ടാസ്കിൻ അഹമ്മദ് രണ്ട് വിക്കറ്റുകളും മുസ്താഫിസുർ,തൻസിം,മഹ്മൂദുള്ള എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
46 പന്തുകളിൽ ഒൻപത് ബൗണ്ടറിയടക്കം പുറത്താകാതെ 64 റൺസ് നേടിയ ഷാക്കിബ് അൽ ഹസനാണ് മാൻ ഒഫ് ദ മാച്ച്.
കളിത്തിരിവ്
14.3 ഓവറിൽ 111/3 എന്ന നിലയിൽ വിജയപ്രതീക്ഷയിലായിരുന്നു നെതർലാൻഡ്സ്. എന്നാൽ അടുത്ത പന്തിൽ റിഷാദ് ഹൊസൈൻ ഏൻഗൽബ്രെറ്റിനെയും അവസാന പന്തിൽ ബസ് ഡി ലീഡിനെയും പുറത്താക്കി. 16.1-ാം ഓവറിൽ മുസ്താഫിസുർ സ്കോട്ട് എഡ്വാഡ്സിനെയും 17.1-ാം ഓവറിൽ റിഷാദ് ലോഗൻ വാൻബീക്കിനെയും പുറത്താക്കിയതോടെ 117/7 എന്ന നിലയിൽ നെതർലാൻഡ്സ് തളർന്നു.