2

തിരുവല്ല: വിഷരഹിതമായ കാർഷിക വിഭവങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാനും വിൽക്കാനുമായി തുടങ്ങിയ നാട്ടുവിപണികൾ ജില്ലയിലാകെ വ്യാപിപ്പിക്കുന്നു. സർക്കാരും കൃഷിവകുപ്പും കർഷകരും ചേർന്നാണ് നാടിന് കൈത്താങ്ങായി വിപണി സജ്ജമാക്കുന്നത്. പുതിയ കാർഷിക വിപണി നെല്ലാട് ആസ്ഥാനമായി ഓണക്കാലത്ത് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കർഷകരിൽ നിന്നും നേരിട്ട് വാങ്ങുന്ന ഇരുപത് വ്യത്യസ്ത പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിപണിയ്ക്ക് ഊർജം പകരും. കൂടാതെ വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ, പായസങ്ങൾ,അച്ചാറുകൾ, വീടുകളെ അലങ്കരിക്കുന്ന പൂച്ചെടികൾ, ഇന്റീരിയർ ചെടികൾ എന്നിവയെല്ലാം നാട്ടുവിപണിയിലൂടെ വാങ്ങാനും വിൽക്കാനും സാധിക്കുന്ന വിധത്തിലാണ് വിപണി ഒരുക്കുന്നത്.

ഇപ്പോൾ ഇടനാട് പുത്തൻകാവ് ഐക്കാട്ട് പാലത്തിന് സമീപം വെള്ളിയാഴ്ച തോറും വൈകിട്ട് 4മുതൽ 6വരെ വിപണി സുഗമമായി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് മാസത്തോളമായി മുടക്കമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുവിപണിയിൽ വാങ്ങുന്നവരും വിൽക്കുന്നവരുമായി അഞ്ഞൂറോളം ആളുകൾ എത്തിച്ചേരുന്നു. കാർഷികവിളകൾ,പച്ചക്കറികൾ,പഴവർഗങ്ങൾ,തേങ്ങ, നാടൻകോഴി, കോഴിമുട്ട, താറാവ് മുട്ട, പാൽ,തേൻ,തൈര്,നെയ്യ് എന്നിവയെല്ലാം ഇവിടെ ലഭിക്കും. സ്ത്രീകളുടെ സഹകരണത്തോടെ മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി വർഷം മുഴുവനും തരിശുഭൂമി പാട്ടത്തിനെടുത്ത് വ്യത്യസ്ത കൃഷി ചെയ്യാനും ഫാർമേഴ്‌സ് ക്ലബ് ലക്ഷ്യമിടുന്നു. ജോസ് കെ. ജോർജ്, വിനു എബ്രഹാം, ജോസ് നൈനാൻ, സുബിൻ പുത്തൻകാവ്, ഗോപു പുത്തൻമഠത്തിൽ, മനീഷ് കീഴാമഠത്തിൽ എന്നിവർ നേതൃത്വം നൽകുന്നു.


സാമൂഹ്യ മാദ്ധ്യമങ്ങളിലും വിപണി


നാട്ടുവിപണി ഇല്ലാത്ത ദിവസങ്ങളിൽ വാട്സ്ആപ്, ഫേസ് ബുക്ക് എന്നിവയിലൂടെയാണ് സാധനങ്ങൾ വിൽപ്പന നടക്കുന്നത്. ആയിരത്തോളം ആളുകൾ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. ലഭ്യമായ സാധനങ്ങളുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഫോൺനമ്പരും വിപണി ഗ്രൂപ്പുകളിൽ ഇട്ട് ഓർഡർനേടി നല്ലരീതിയിൽ കച്ചവടം നടക്കുന്നുണ്ട്. ചെങ്ങന്നൂർ കൃഷിഭവനും നഗരസഭയുടെയും താലൂക്ക് ഫാർമേഴ്‌സ് ക്ലബിന്റെയും സഹകരണത്തിലാണ് വെള്ളിയാഴ്ച്ച വിപണി പ്രവർത്തിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ എണ്ണൂറോളം വൃക്ഷത്തൈകളും ഔഷധതൈകളും വിതരണം ചെയ്തു. വിപണിയിലേക്ക് കൂടുതൽ ആളുകൾ എത്തിയതോടെ സ്കൂൾതല മാതൃകാ കൃഷിത്തോട്ടങ്ങൾ തുടങ്ങുവാനും ഫാർമേഴ്‌സ് ക്ലബ് തീരുമാനിച്ചിട്ടുണ്ട്.

വീടുകളിൽ മായമില്ലാതെ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ ഇടനിലക്കാരില്ലാതെ മിതമായ വിലയിൽ ലഭിക്കുന്നതിനാൽ ഡിമാന്റ് ഏറെയാണ്. ഭൂരിഭാഗം കർഷകർക്കും നല്ല വരുമാനം ലഭിക്കുന്നുണ്ട്.
ജോൺസൺ
(കർഷകൻ)