
ശ്രീനഗർ:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്താണ് കാശ്‌മീരിൽ ബസ് യാത്രികരായ തീർത്ഥാടകർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. ജൂൺ ഒൻപതിന് കാശ്‌മീരിലെ റീസിയിൽ നടന്ന ഈ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 10പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിനുപുറമെ കത്വ, ഡോഡ ജില്ലകളിലും ആകെ നാലിടങ്ങളിൽ ഭീകരാക്രമണമുണ്ടായി. ഒൻപതുപേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. സാധാരണക്കാർക്ക് പുറമേ ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ സൈനികർക്കും പരിക്കേറ്റു.
ലക്ഷ്യമിടുന്നത് കാശ്‌മീർ നിയന്ത്രണത്തിലെന്ന് സൂചിപ്പിക്കാൻ
കാശ്‌മീർ മേഖലയിൽ തങ്ങൾ സമാധാനം കൊണ്ടുവന്നു എന്ന കേന്ദ്ര സർക്കാർ വാദത്തിനെ ആക്രമണങ്ങളിലൂടെ വെല്ലുവിളിക്കാനാണ് നിരന്തരമായി ഈ മേഖലയിൽ ഭീകരർ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകർ വ്യക്തമാക്കുന്നത്. പീർ പഞ്ചൽ മേഖലയ്‌ക്ക് താഴെയുള്ളയിടങ്ങളിലാണ് ആക്രമണങ്ങളുണ്ടാകുന്നത്. ജമ്മു കാശ്‌മീരിൽ ഇപ്പോഴും കേന്ദ്ര നിയന്ത്രണമില്ലെന്ന് സൂചിപ്പിക്കാനാണ് ഇത്തരം ആക്രമണം വഴി ഭീകരർ ശ്രമിക്കുന്നതെന്ന് മുൻ കരസേന ഉദ്യോഗസ്ഥൻ ലഫ്. ജനറൽ സെയ്‌ദ് അതാ ഹസ്‌നൈൻ ഇന്ത്യാ ടുഡെയോട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഈ ഭാഗത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് തെളിയിക്കാനാണ് പാകിസ്ഥാനിൽ നിന്നുള്ള ഈ ഭീകരർ ശ്രമിക്കുന്നത്.
തീർത്ഥാടക വാഹന ആക്രമണം പാകിസ്ഥാൻ ഗൂഢാലോചന
കഴിഞ്ഞ ദിവസത്തേതിന് സമാനമായൊരു ആക്രമണം 2000 മാർച്ചിലും ഭീകരർ അനന്ത്‌നാഗ് ജില്ലയിലെ ചിട്ടിസിംഗ്‌പുരയിൽ നടത്തിയിരുന്നു. 35 സിഖ് തീർത്ഥാടകരെയാണ് അന്ന് ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 'പാകിസ്ഥാനിൽ ഏകീകൃതമായ തീരുമാനമെടുക്കുന്ന സംവിധാനമല്ല. പല തലങ്ങളിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇത്തരത്തിലുള്ള ഒരു തലത്തിലെ തീരുമാനമാണ് തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണം. ഇപ്പോഴും തങ്ങൾക്കാണ് കാശ്‌മീരിന്റെ നിയന്ത്രണം എന്ന് മോദിയ്‌ക്കും കേന്ദ്ര സർക്കാരിനും സന്ദേശം നൽകാനാണ് ഇവർ കൊല നടപ്പാക്കിയത്.' അതാ ഹസ്‌നൈൻ പറയുന്നു.

കാശ്‌മീർ താഴ്‌വര ഭാഗത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സൈനിക ഇടപെടൽ സുശക്തമാണ്. അതിനാൽ പാകിസ്ഥാൻ ഭീകരർ അവരുടെ പ്രവർത്തനം ജമ്മു മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ നിരന്തരം ആക്രമണമുണ്ടാകുന്നുണ്ട്.
ഒന്നോ രണ്ടോ സംഘടനകളുടെ നേതൃത്വത്തിലല്ല ഈ ആക്രമണങ്ങൾ. ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഭീകരാക്രമണം നടത്തുന്നത്. മുൻപ് വ്യക്തികളെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ കാശ്‌മീരിൽ പതിവായിരുന്നു. സുരക്ഷാ വിഭാഗത്തിലെ സൈനികരോ, പൊലീസ് ഉദ്യോഗസ്ഥരോ എല്ലാം ഇത്തരത്തിൽ വീരചരമമടഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ അത്തരത്തിൽ ലക്ഷ്യം വച്ചുള്ള വധമല്ലെന്നും കൃത്യമായി ട്രെയിനിംഗ് ലഭിച്ചവർ നടത്തുന്ന ഭീകരാക്രമണം തന്നെയാണെന്നും ലഫ്. ജനറൽ സെയ്‌ദ് സൂചിപ്പിക്കുന്നു.
കാശ്‌മീർ നിയമസഭ
ജമ്മു കാശ്‌മീർ നിയമസഭ 2018 നവംബർ 21ന് ഗവർണർ പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ അഞ്ചര വർഷങ്ങളോളമായി ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ലഡാക്ക്, ജമ്മു കാശ്‌മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ഇവിടം തിരിക്കുകയും ചെയ്‌തു. 2019ൽ ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന നിയമം റദ്ദാക്കുകയും ചെയ്‌തിരുന്നു.
കാശ്‌മീരിൽ സർക്കാർ അധികാരത്തിലെത്താൻ ഇനിയും വൈകിക്കൂടാ എന്നാണ് മുൻ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ആവശ്യപ്പെടുന്നത്. കേന്ദ്ര ഭരണപ്രദേശമായി നിലനിൽക്കുമ്പോൾ പാകിസ്ഥാന് ഇത് തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ട് ആക്രമണങ്ങൾ നടത്താൻ അവസരം കൂടുകയാണ്. എന്നാൽ രാജ്യത്തെ ഒരു സംസ്ഥാനമായി മാറി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വരുമ്പോൾ അതിനുള്ള സാദ്ധ്യത കുറയുകയാണ്. 1996ലും 1997ലും തീവ്രവാദി ആക്രമണങ്ങൾ രൂക്ഷമായ കാലഘട്ടത്തിൽ പോലും കാശ്‌മീരിൽ തിരഞ്ഞെടുപ്പുകൾ സുഗമമായി നടത്തിയിട്ടുണ്ട്. 50 ശതമാനത്തിലേറെ പോളിംഗും ഇവിടെ രേഖപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ജനാധിപത്യ സർക്കാർ ഇവിടെവേണമെന്ന് ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നു.