kavitha
kavitha

കാടെന്ന പേരിൽ അയാൾ

കൂടൊരുക്കിക്കൊണ്ടിരുന്നു
ചിറകരിയപ്പെട്ട് കാൽച്ചുവട്ടിലിരുന്ന
കിളിച്ചുണ്ട് ചോദിച്ചു;

കൂട്ടിലൊരു കാടോ?

അതെയതേ....

കൂട്ടിലൊരു കാട്
കാട്ടിലൊരു കൂട്
കൂടുകാട്... കാടുകൂട്!

കിളിച്ചുണ്ട് മുറിഞ്ഞു;
'ആട്ടമില്ലാത്ത കാടും
കൂട്ടില്ലാത്ത കൂടും"

അല്ലേയല്ല,
കാട്ടിലും കൂട്ടിലും
ഒരു തരി (കിട)

വ്യത്യാസം മാത്രം
അല്ലേ പൊന്നേ...

എന്നിട്ട് , തരി തിരിയാത്ത
അയാളുടെ കളിഭാഷ;

'തരികിട, കിടതരി"
എന്നിട്ടൊരു ചിരി

അയാളതിനെ കൂട്ടിലാക്കാൻ
പാടിക്കൊണ്ടിരുന്നു;
നിന്റെ കൺ കടലേ...

തൂവൽ മയിൽപ്പീലി

പാട്ടു തുടങ്ങും മമ്പേ
കിളി, ആകാശത്തെ

കൊത്തിത്തിന്നു

അടിത്തട്ടൊരുങ്ങി


ഇപ്പോളയാൾ

അഴിയിട്ടുകൊണ്ടിരിക്കുന്നു
മത്തേ തത്തേ... പാടി

പാട്ടിലാക്കിക്കൊണ്ടിരിക്കുന്നു

കൂട്ടിലാക്കിക്കൊണ്ടിരിക്കുന്നു
പക്ഷേ, കിളി

ആകാശത്തിലായിരുന്നു