tamailisai-

ചെന്നൈ: ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ തമിഴിസൈ സൗന്ദർരാജനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലെ സംസാരം ഏറെ ചർച്ചാവിഷയമായിരുന്നു. തെലങ്കാന മുൻ ഗവർണറും തമിഴ്‌നാട് ബിജെപി മുൻ അദ്ധ്യക്ഷയുമായ തമിഴിസയോട് താക്കീതിന്റെ സ്വരത്തിൽ സംസാരിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാനായത്. എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുകയാണ് തമിഴിസൈ.

മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ ഉപദേശിക്കുക മാത്രമാണ് അമിത് ഷാ ചെയ്‌തതെന്നാണ് തമിഴിസൈയുടെ വിശദീകരണം. 'ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഞാൻ ആദ്യമായി ആന്ധ്രയിൽവച്ച് കണ്ടപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള നടപടികളെക്കുറിച്ചും ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിച്ചറിയാൻ അദ്ദേഹമെന്നെ വിളിച്ചു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്‌തത്. അനാവശ്യ ഊഹാപോഹങ്ങൾക്ക് വ്യക്തത നൽകാനാണ് ഇത്.' തമിഴിസൈ സൗന്ദർരാജൻ എക്‌‌സിൽ കുറിച്ചു.

ആന്ധ്രാ സ‌ർക്കാർ സത്യപ്രതിജ്ഞാ വേളയിലാണ് അമിത് ഷായും തമിഴിസൈയും തമ്മിൽ വളരെ കുറച്ച് സമയം സംസാരിച്ചത്. എന്നാൽ ഇരുവരുടെയും ശരീരഭാഷയിൽ നിന്ന് തമിഴിസയ്‌ക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകിയതാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചു. തമിഴ്‌നാട്ടിൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയും തമിഴിസൈ സൗന്ദർരാജനും നേതൃത്വം നൽകുന്ന വിഭാഗങ്ങളുടെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായതെന്ന് പൊതുവെ അഭിപ്രായം ഉയർന്നിരുന്നു.

ഡിഎംകെ നേതാക്കൾ അമിത് ഷായുടെ പെരുമാറ്റത്തെ രൂക്ഷമായാണ് വിമർശിച്ചത്. തമിഴിസൈയോടുള്ള പെരുമാറ്റം നിർഭാഗ്യകരവും സ്വാഗതാർഹമല്ലെന്നുമാണ് പാർട്ടി പ്രതികരിച്ചത്. അതേസമയം ഇത്തവണ തമിഴ്‌‌നാട്ടിൽ സീറ്റൊന്നും നേടിയില്ലെങ്കിലും ദ്രാവിഡ രാഷ്‌ട്രീയ പാർട്ടികളുടെ സ്വാധീനമില്ലാതെ തന്നെ 11.24 ശതമാനം വോട്ട് സമാഹരിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിസഭയിൽ തമിഴ്‌നാടിന് പ്രാതിനിധ്യം നൽകി.