trsry

അഞ്ചുപേർക്ക് സസ്‌പെൻഷ‌ൻ

മരിച്ചവരുടേതുൾപ്പെടെ അക്കൗണ്ടിൽ നിന്ന് തട്ടിയത് 12.10 ലക്ഷം

പോത്തൻകോട്: കഴക്കൂട്ടം സബ്ട്രഷറിയിൽ വ്യാജ ചെക്ക് ഉപയോഗിച്ച് പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം അപഹരിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു. ഉദ്യോഗസ്ഥർ ഒത്തുകളിച്ച് മരിച്ചവരുടേതുൾപ്പെടെ അക്കൗണ്ടിൽ നിന്ന് 12.10ലക്ഷം തട്ടിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അഞ്ചു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്ന് 2.5ലക്ഷം രൂപ നഷ്ടമായ വാർത്ത കേരളകൗമുദി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ കള്ളി വെളിച്ചത്തായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മകളോടൊപ്പം വിദേശത്ത് താമസിക്കുന്ന മോഹനകുമാരി തിങ്കളാഴ്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച ശേഷം സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ കാര്യമറിഞ്ഞത്. 3,4 തീയതികളിൽ ആയിരുന്നു തട്ടിപ്പ്. ട്രഷറി അധികൃതർക്ക് മോഹനകുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ചെക്ക് ലീഫ് അനുവദിച്ച് അതിലൂടെ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ചെക്കിലെ ഒപ്പും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലായി.

ജില്ലാ ട്രഷറി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ തുടർ പരിശോധനയിൽ മരണപ്പെട്ട രണ്ടുപേരുടെ അക്കൗണ്ടിൽ നിന്നായി പത്തുലക്ഷത്തോളം തട്ടിയെടുത്തതായി കണ്ടെത്തി. ഗോപിനാഥൻ നായർ എന്നയാളുടെ അക്കൗണ്ടിൽ നിന്ന് 6,70,000 രൂപയും സുകുമാരൻ എന്നയാളുടെ അക്കൗണ്ടിൽ നിന്ന് 2,90,000 രൂപയുമാണ് നഷ്ടമായത്.

ട്രഷറിയിലെ സി.സി ടിവി ഓഫ് ചെയ്തതിനു ശേഷമാണ് പണാപഹരണം നടത്തിയതെന്നും കണ്ടെത്തി. കൂടുതൽ പേർക്ക് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. അക്കൗണ്ടുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പുതിയ ചെക്ക് ബുക്കുകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം തട്ടിയതെന്നാണ് വിവരം. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ പറഞ്ഞു.

തട്ടിപ്പിന് പല വഴികൾ

അക്കൗണ്ട് ഉടമ മരിച്ചതായി അറിഞ്ഞാൽ അക്കൗണ്ട് നിർജ്ജീവമാക്കും. നോമിനി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാലേ ആക്ടീവാകൂ. ഇതിന് കാലതാമസമെടുക്കും. ഇതിനിടയിൽ ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ അക്കൗണ്ട് ആക്ടീവാക്കാം. ചെക്ക് അനുവദിച്ചാൽ പണം തട്ടാം.

തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥർ മാസങ്ങളായി ഇടപാട് നടക്കാത്ത അക്കൗണ്ടുകൾ കണ്ടെത്തി ബന്ധപ്പെട്ട നമ്പരിൽ വിളിച്ച് അന്വേഷിക്കും. മരിച്ചതായി അറിഞ്ഞാൽ ചെക്ക് ബുക്ക് തരപ്പെടുത്തി പണം പിൻവലിക്കും. വല്ലപ്പോഴും മാത്രം ഇടപാട് നടക്കുന്ന അക്കൗണ്ടുകളാണ് തട്ടിപ്പുകാർ ഉന്നം വന്നയ്ക്കുന്നത്.