
ബംഗളൂരു: കന്നട നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ രേണുകസ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ടാക്സി ഡ്രൈവർ കീഴടങ്ങി. ഡ്രൈവർ രവിയാണ് ചിത്രദുർഗ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് ഇയാളാണ്. ഫാൻസ് ക്ലബ് അംഗമായ രാഘവേന്ദ്ര വഴിയാണ് ദർശൻ രേണുകസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. തുടർന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി രവിയുടെ ടാക്സിയിൽ ബംഗളൂരൂവിൽ എത്തിച്ചു. പിന്നാലെ ഒളിവിൽപ്പോയ രവി ചിത്രദുർഗയിലെ ടാക്സി അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇവരാണ് പൊലീസിൽ കീഴടങ്ങാൻ രവിയോട് ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ദർശനും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 11 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തതു. പവിത്രയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.
കഴിഞ്ഞ എട്ടിനാണ് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായിരുന്ന രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇയാളെ തട്ടിക്കൊണ്ടുവന്ന് കാമാക്ഷിപാളയത്തെ ഷെഡിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഓടയിൽ തള്ളി. നായ്ക്കൾ ഭക്ഷിക്കുന്ന മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.
ഷോക്ക്, രക്തസ്രാവം
അതിനിടെ രേണുകാസ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഷോക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തലയിലും വയറിലും നെഞ്ചിലുമുൾപ്പെടെ ശരീരത്ത് 15 മുറിവുകളുണ്ട്. ബംഗളൂരുവിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന മിനി ട്രക്കിൽ തല ഇടിച്ച് മുറിവുണ്ടായിട്ടുണ്ട്. ഈ വാഹനവും മർദ്ദിക്കാൻ ഉപയോഗിച്ച മരത്തടികൾ,ലെതർ ബെൽറ്റ്,കയർ എന്നിവയും പൊലീസ് കണ്ടെടുത്തു.