doctor

ശാസ്‌ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് മിക്ക രോഗങ്ങളും നമുക്ക് പരിശോധനാ വിധേയമായാൽ മണിക്കൂറുകൾക്കകം കണ്ടെത്താനാകും. എന്നാൽ ചില രോഗങ്ങൾ ലക്ഷണങ്ങളുടെ വ്യത്യാസം മൂലം കണ്ടെത്താൻ വൈകുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ഒക്കെ ചെയ്യാം. എന്നാൽ ഒരു മലയാളി ഡോക്‌ടർക്കുണ്ടായ അമ്പരപ്പിക്കുന്ന അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ രോഗനിർണയത്തെ കുറിച്ച് വലിയ ചർച്ചയായിരിക്കുകയാണ്. ദി ലിവർ ഡോക്‌ എന്ന എക്‌സ് പേജിലൂടെ ഒരു കരൾരോഗ വിദഗ്ദ്ധനാണ് തന്റെ അനുഭവം കുറിച്ചത്. സിറിയക് അബ്ബി ഫിലിപ്‌സ് എന്ന ഡോക്‌ടറാണ് തന്റെ രസകരമായ അനുഭവം പങ്കുവച്ചത്.

'എന്റെ ഒരു കുടുംബാംഗത്തിന് വിറയലും, ശരീരത്തിൽ സന്ധിവേദനയും ദേഹമാകെ ചുണങ്ങും ബാധിച്ചു. ഇടയ്‌ക്കിടെ പനിയുമുണ്ടായി. രോഗനിർണയം നടത്താൻ ഹെപ്പറ്റൈറ്റിസ്, കൊവിഡ്, ഇൻഫ്ളുവൻസ, ഡെങ്കി എന്നിങ്ങനെ പല രോഗങ്ങളുടെ പരിശോധന നടത്തി. എന്നാൽ നിരാശാജനകമായിരുന്നു ഫലം ഒന്നും പോസിറ്റീവായില്ല.' ഡോക്‌ടർ കുറിക്കുന്നു. രോഗമേതെന്ന് അറിയാൻ മെഡിക്കൽ പുസ്‌തകങ്ങൾ പഠിക്കുന്നതിനിടെ തന്റെ തലമുതിർന്ന വീട്ടുജോലിക്കാരി നിർണായകമായ ഒരു സഹായം ചെയ്‌തത്.

ഈ ലക്ഷണങ്ങൾ തന്റെ പേരക്കുട്ടികളിൽ കണ്ടിട്ടുണ്ടെന്നും ഇത് അഞ്ചാം പനിയാണെന്നുമാണ് അവർ പറഞ്ഞത്. തുടർന്ന് പാർവോവൈറസ് ബി19 പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായി. പാർവോവൈറസ് ബി19 മൂലം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് അഞ്ചാം പനി. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കാറ്. രോഗബാധിതൻ ശ്വസിക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഇത് മറ്റൊരാളിലേക്ക് പകരാം.