
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണന തിരുവനന്തപുരം മെട്രോയ്‌ക്കെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹറ. പദ്ധതിയുടെ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊച്ചി മെട്രോ തൃശൂര്‍ നഗരത്തിലേക്ക് നീട്ടുന്നതിന് നയപരമായി ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം.
കൊച്ചി മെട്രോ പോലെയുള്ള പരമ്പരാഗത മെട്രോ തന്നെയാണ് തലസ്ഥാനത്തും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തിയ ടെക്നിക്കല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഒരു അലൈന്‍മെന്റ് നിര്‍ദേശിച്ചിരുന്നു. രണ്ടു ഘട്ടമായി ചെയ്യാനാണ് അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, വിവിധ മേഖലകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് അഞ്ച് അലൈന്‍മെന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നു സാദ്ധ്യമായ അലൈന്‍മെന്റ് സര്‍ക്കാര്‍ തീരുമാനിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഎംആര്‍സി പദ്ധതി രൂപരേഖ തയ്യാറാക്കും. സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്രത്തിന്റെയും അനുമതി തേടിയ ശേഷം ഫണ്ടിങ് ഏജന്‍സിയെ കണ്ടെത്തുമെന്നും ബെഹറ പറഞ്ഞു.ടെകിന്ക്കല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിഎംആര്‍സി നല്‍കിയ അലൈന്‍മെന്റ് പ്രകാരം 11,560 കോടി രൂപ ചെലവില്‍ രണ്ട് റൂട്ടുകളിലായി നിര്‍മിക്കുന്ന 46.7 കിലോമീറ്റര്‍ മെട്രോ പദ്ധതിയാണ് തലസ്ഥാനത്തിനായി ആദ്യം നിര്‍ദേശിച്ചിരിക്കുന്നത്.
പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7 കോടി രൂപയുമാണ് ഡിപിആറില്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ കണക്കാക്കിയിരിക്കുന്നത്.
ഒന്നാം ഇടനാഴിയായ പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള 30.8 കിലോമീറ്റര്‍ റൂട്ടില്‍ 25 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായും മേല്‍പ്പാലത്തിലൂടെ മാത്രം ഓടുന്ന മെട്രോ ലെയിന്‍ ആയിരിക്കും. 15.9 കിലോമീറ്റര്‍ വരുന്ന കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിയില്‍ 13 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 11 സ്റ്റേഷനുകള്‍ മേല്‍പ്പാലത്തിലും രണ്ട് സ്റ്റേഷനുകള്‍ (ഈസ്റ്റ് ഫോര്‍ട്ട് ജംഗ്ഷന്‍, കിള്ളിപ്പാലം) അണ്ടര്‍ ഗ്രൗണ്ടും ആയിരിക്കും.
ഏപ്രില്‍ 15ന് പദ്ധതി സംബന്ധിച്ച വിശകലനം ചെയ്യുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. മറ്റ് അലൈന്‍മെന്റുകളുടെ നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. മുന്നിലുള്ള അലൈന്‍മെന്റുകളില്‍ ഏത് വേണമെന്ന തീരുമാനമെടുക്കുന്നത് സര്‍ക്കാരായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ഡിഎംആര്‍സി ആദ്യം സമര്‍പ്പിച്ച അലൈന്‍മെന്റ് തന്നെ അംഗീകരിക്കാനാണ് സാദ്ധ്യത.